
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് സഹായകമായി ടെലി ഐ.സി.യു സേവനവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. തീവ്ര ചികിത്സാ സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുറത്തിറക്കിയ സർക്കാർ മാർഗരേഖയിലാണ് പുതിയ രീതിയെക്കുറിച്ച് വിശദീകരിക്കുന്നത്. തീവ്ര പരിചരണ സംവിധാനങ്ങളുടെ മേൽനോട്ടത്തിനായി പ്രത്യേക സമിതിയുടെ ഓൺലൈൻ സേവനം ലഭ്യമാക്കിയാണ് ടെലി ഐ.സി.യു സംവിധാനം യാഥാർത്ഥ്യമാക്കിയത്. ടെലി ഐ.സി.യു വഴി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും.
വിദഗ്ധരുടെ സംഘം
ഏത് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്ന് പരിഗണിക്കാതെ ജില്ലയിൽ ടെലി ഐ.സി.യു വിദഗ്ധരുടെ സംഘം രൂപീകരിക്കും. സംഘത്തിൽ ക്രിട്ടിക്കൽ കെയർ, അനസ്‌തേഷോളജി, പൾമണോളജി എന്നിവയിൽ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർത്ഥികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റുകളുമുണ്ടാകും.
24 മണിക്കൂറും സേവനം
ജില്ലാതലത്തിൽ ടെലി ഐ.സിയു കമാന്റ് സെന്റർ സ്ഥാപിക്കും. എല്ലാ തീവ്രപരിചരണ രോഗികളെയും വിദഗ്ദ്ധ ഡോക്ടർമാർ കാണുന്നുവെന്ന് ഉറപ്പാക്കും. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിക്കും. ചെറിയ ആശുപത്രികൾക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ഹബ് ആൻഡ് സ്‌പോക്ക് മാതൃകയിൽ ടെലി ഐ.സി.യു സേവനങ്ങൾ ലഭ്യമാക്കും. സർക്കാർ മേഖലയിൽ തീവ്രപരിചരണ വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത പക്ഷം ഡിസ്ട്രിക്ട് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.
മോണിറ്റർ ചെയ്യും
തീവ്രപരിചരണം ആവശ്യമായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ കേന്ദ്രീകൃത മോണിറ്ററുകൾ, സി.സി.ടി.വികൾ, അലാറം എന്നിവ സ്ഥാപിച്ച് ഒരു ടെലി ക്രിട്ടിക്കൽ കെയർ മോണിറ്ററിംഗ് റൂം സ്ഥാപിക്കും. ഐ.സി.യുവിലുള്ള രോഗികളെ മോണിറ്റർ ചെയ്യും. അത്യാവശ്യഘട്ടത്തിനായി ക്രൈസിസ് ക്രാഷ് ടീം രൂപീകരിക്കും. തീവ്രപരിചരണ വിഭാഗത്തിലെ മികച്ച പരിശീലനം ലഭിച്ച ജൂനിയർ റസിഡന്റ്, മെഡിക്കൽ ഓഫീസർമാരുടെയും നഴ്സുമാരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ സമിതിയുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫീസർ, സ്ഥാപന മെഡിക്കൽ ബോർഡുകൾ എന്നിവരാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും ടെലി ഐസിയു നോഡൽ ഓഫീസറുണ്ടാകും.
കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ പുതിയ മാർഗരേഖ
കൊവിഡ് ബാധിച്ച് ആശുപത്രികളിൽ കഴിയുന്നവരെ ഡിസ്ചാർജ് ചെയ്യാൻ പുതിയ മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കി.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് ഡിസ്ചാർജ് ഗൈഡ്ലൈൻ പുതുക്കിയതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത്.
കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കിൽ ആന്റിജൻ ടെസ്റ്റ് നടത്താം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും 3 ദിവസം രോഗലക്ഷണങ്ങളില്ലാതിരിക്കുകയും ചെയ്താൽ ഡിസ്ചാർജ് ചെയ്യാം. പോസിറ്റീവായി തുടരുകയാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുമ്പോൾ ഡിസ്ചാർജാക്കാം. ഡിസ്ചാർജ് സമയത്ത് രോഗിയുടെ ആരോഗ്യനില തൃപ്തികരമായിരിക്കണം.
കാറ്റഗറി സിയിലെ ഗുരുതര കൊവിഡ് രോഗമുള്ളവരെ ആദ്യ പോസീറ്റീവായി 14 ദിവസം കഴിഞ്ഞ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങളില്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോൾ ഡിസ്ചാർജ് ചെയ്യാം. പോസിറ്റീവായാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാകുമ്പോൾ ഡിസ്ചാർജ് ചെയ്യാം.
എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാർജിനു ശേഷം 7 ദിവസം ക്വാറന്റൈനിൽ വിശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകളും, സമൂഹവുമായുള്ള ഇടപെടലും, കുടുംബ സന്ദർശനങ്ങളും, വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകളുമെല്ലാം നിർബന്ധമായും ഒഴിവാക്കണം.