
തിരുവനന്തപുരം: അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്ന് മുതൽ അധിക ജോലികളിൽ നിന്ന് വിട്ട് നിൽക്കും. കൊവിഡ് ചികിത്സയെയും രോഗീ പരിചരണത്തെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.
എല്ലാവിധ കൊവിഡ് പരിശീലനങ്ങളും വെബിനാറും ഡ്യൂട്ടിക്ക് ശേഷമുള്ള സൂം മീറ്റിംഗുകളും ബഹിഷ്കരിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് മുഴുവൻ അംഗങ്ങളും എക്സിറ്റാകുമെന്നും കെ.ജി. എം.ഒ.എ പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണനും അറിയിച്ചു.
ജീവനക്കാരുടെ കുറവ് പരിഹരിക്കുക, കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ന്യായമായി അവധി പുനഃസ്ഥാപിക്കുക, മാറ്റിവച്ച ശമ്പളം ഉടൻ നൽകുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചികിത്സ നൽകുന്നതിന് വിരമിച്ച ഡോക്ടർമാരെയും സ്വകാര്യ ഡോക്ടർമാരെയും ഉൾപ്പെടുത്തി കാൾ സെന്റർ രൂപീകരിക്കുക, ആരോഗ്യ പ്രവർത്തകർക്ക് റിസ്ക് അലവൻസും ഇൻസെന്റീവും നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.