
തൃശൂർ: കഞ്ചാവ് കേസിലെ പ്രതി ഷമീർ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ കൂട്ടുപ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. ഷമീറിനൊപ്പം പിടിയിലായി എറണാകുളം വനിതാ ജയിലിൽ കഴിയുന്ന ഭാര്യ സുമയ്യ, തൃശൂർ ജില്ലാ ജയിലുകളിൽ കഴിയുന്ന റമീസ്, ജാഫർ എന്നിവരിൽ നിന്നാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ജയിൽ ഡി.ജി.പി: ഋഷിരാജ് സിംഗ് ഇവരുടെ മൊഴിയെടുത്തിരുന്നു.
ഷമീറിനെ പാർപ്പിച്ചിരുന്ന അമ്പിളിക്കല കൊവിഡ് കെയർ സെന്റിൽ വച്ച് മർദ്ദനമേറ്റതായി ഇവർ മൊഴി നൽകിയിരുന്നു. ഇവിടെ വച്ച് മോഷണക്കേസിലെ പ്രതിയായ പതിനേഴുകാരനെ മർദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. ഇതിൽ ആരോപണ വിധേയരായ ഡെപ്യുട്ടി പ്രിസൺ ഓഫീസർ അരുൺ, അസി.പ്രിസൺ ഓഫീസർ രമേഷ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ജാഗ്രതക്കുറവിന്റെ പേരിൽ ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രാഹമിനെയും സസ്‌പെൻഡ് ചെയ്തിരുന്നു.
കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്ത്. ഇവിടെ ജയിൽ സൂപ്രണ്ട് സന്ദർശിച്ചിരുന്നില്ലായെന്ന കാരണവും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ജയിൽ സൂപ്രണ്ടിന്റെ സസ്‌പെൻഷനെതിരെ ഉദ്യോഗസ്ഥരിൽ അമർഷമുണ്ട്. സൂപ്രണ്ട് വിവരങ്ങൾ ജയിൽ ഡി.ജി.പിക്കും കൺട്രോൾ റൂമിലേക്കും എല്ലാ ദിവസവും അറിയിച്ചിരുന്നതായി പറയുന്നു.
ഷമീറിന്റെ മരണ ശേഷം മാത്രമാണ് ഇത്തരത്തിൽ മർദ്ദനം നടക്കുന്നുവെന്ന പരാതികൾ ഉയർന്നതെന്ന് പറയുന്നു. കൊവിഡ് പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നത് വരെയാണ് ഇവിടെ പ്രതികളെ താമസിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവിടെ നിത്യവും സന്ദർശനം നടത്തുക പ്രായോഗികമല്ലെന്നും പറയുന്നു. ആഴ്ചയിൽ ഒരിക്കൽ ജയിൽ സൂപ്രണ്ട് അമ്പിളിക്കലയിൽ എത്തിയിരുന്നതായും രേഖകളുണ്ട്. മർദ്ദനത്തിൽ നേരിട്ട് പങ്കില്ലെന്ന് വ്യക്തമായിട്ടും സസ്‌പെൻഡ് ചെയ്ത നടപടി ജയിൽ വകുപ്പിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും പറയുന്നു.
ആദ്യഘട്ടിൽ സ്ഥലം മാറ്റം നടത്തി, അന്വേഷണം പൂർത്തിയാകുമ്പോൾ മറ്റ് നടപടികൾ സ്വീകരിക്കേണ്ടതിന് പകരം കടുത്ത നടപടി സ്വീകരിച്ചതിലും അമർഷം ശക്തമാണ്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിനും ജയിൽ വകുപ്പിനും ലഭിക്കുമെന്നാണ് അറിയുന്നത്. നിലവിൽ തൃശൂർ എ.സി.പി: വി.കെ. രാജവിനാണ് അന്വേഷണച്ചുമതല. എന്നാൽ അന്വേഷണം അടുത്ത ദിവസം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.