navarathri

തക്കല: ആചാരം തെറ്റിക്കാതെ ആഘോഷപ്പൊലിമ കുറച്ച് നവരാത്രി പൂജയ്ക്കുള്ള വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഇന്നലെ പദ്മനാഭപുരം കൊട്ടാരത്തിൽ തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി രാവിലെ ഏഴരയോടെ തേവാരപ്പുരയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽനിന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വീകരിച്ചശേഷം കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണിക്ക് കൈമാറി. കൊട്ടാരം ചാർജ് ഓഫീസർ സി.എസ്. അജിത്ത്കുമാർ, കന്യാകുമാരി എസ്.പി ബദരിനാരായണൻ, സബ് കളക്ടർ ശരണ്യ അറി, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഇന്നലെ പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് എഴുന്നള്ളിച്ചത്. ഉടവാൾ കൈമാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. കൊട്ടാരമുറ്റത്ത് വിഗ്രഹങ്ങൾ കേരളസർക്കാർ വരവേറ്റു. തമിഴ്നാട് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചെറിയ പല്ലക്ക് വാഹനങ്ങളിലാണ് വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നത്.

ഉച്ചയോടെ വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെത്തി. ഇന്നു പുലർച്ചെ കുഴിത്തുറ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്തിന് ജില്ല അതിർത്തിയായ കളിയിക്കാവിളയിൽ കേരളത്തിന്റെ വരവേൽപ്പ് നൽകും. തിരക്കിൽനിന്ന് ഒഴിവാക്കി ഉച്ചയോടെ നെയ്യാറ്റിൻകര എത്തുന്ന വിധമാണ് എഴുന്നള്ളത്ത് ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകരയിൽ നിന്ന്‌

ആരംഭിക്കുന്ന എഴുന്നള്ളത്ത് ഉച്ചയ്ക്കുമുൻപ് കരമന ആവടി അമ്മൻ ക്ഷേത്രത്തിലെത്തും. അവിടെ ഇറക്കിപ്പൂജയ്ക്കുശേഷം വൈകിട്ട് 4.30ന് കോട്ടയ്ക്കകത്തേക്ക് എഴുന്നള്ളിക്കും. സന്ധ്യയ്ക്ക് കോട്ടയ്ക്കകത്തെത്തുന്ന ഘോഷയാത്രയെ കവടിയാർ കൊട്ടാരം പ്രതിനിധികൾ വരവേൽക്കും. പദ്മതീർത്ഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതിവിഗ്രഹത്തെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലേക്കും കൊണ്ടുപോകും. കന്നിമാസത്തിൽ നടക്കുന്ന നവരാത്രിപൂജ ഇക്കുറി തുലാം ആദ്യദിവസമായ ശനിയാഴ്ചയാണ് ആരംഭിക്കുന്നത്.


.