
തിരുവനന്തപുരം: തലസ്ഥാനത്ത് രൂക്ഷമായ കൊവിഡ് രോഗവ്യാപനം കുറയുന്നു. തുടർച്ചയായ നാലാം ദിവസമായ ഇന്നലെ 700 താഴെ രോഗികളാണ് ജില്ലയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 581 പേർക്കായിരുന്നു ഇന്നലെ രോഗം. തുടർച്ചയായ നാലാം ദിവസവും രോഗമുക്തി കണക്കും ജില്ലയിൽ വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ 871 പേർക്കാണ് രോഗമുക്തി. സംസ്ഥാനത്ത് ഇന്നലെ രോഗമുക്തി നേടിയതിൽ തലസ്ഥാന ജില്ലയാണ് മുന്നിൽ. രോഗം സ്ഥിരീകരിച്ചവരിൽ 508 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 47 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ വിദേശത്തു നിന്നെത്തി.രണ്ടുപേർ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. ആറുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കോവളം സ്വദേശി രാജൻ ചെട്ടിയാർ(76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ(62), ഫോർട്ട് സ്വദേശി കൃഷ്ണൻകുട്ടി(80), ആര്യനാട് സ്വദേശിനി ഓമന(68), വള്ളുകാൽ സ്വദേശിനി അമല ഔസേപ്പ്(67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി(61) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 266 പേർ സ്ത്രീകളും 315 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 51 പേരും 60 വയസിനു മുകളിലുള്ള 91 പേരുമുണ്ട്. 21 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുതായി നിരീക്ഷണത്തിലായവർ - 2432
ആകെ നിരീക്ഷണത്തിലുള്ളവർ - 31279
ഇന്നലെ രോഗമുക്തി നേടിയവർ - 871
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ - 2457
ജില്ലയിൽ ചികിത്സയിലുള്ളവർ- 11184