തിരുവനന്തപുരം: മേയറുടെ പേരിലുള്ള വ്യാജ സന്ദേശത്തിൽ ജാഗ്രതപുലർത്തണമെന്ന് മേയർ കെ. ശ്രീകുമാറിന്റെ ഓഫീസ് അറിയിച്ചു. നഗരസഭയിലെ മൂന്നു ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞദിവസം വ്യാജ സന്ദേശമെത്തിയത്. കമ്മിഷണർക്ക് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി ഓഫീസ് അറിയിച്ചു. തട്ടിപ്പിനുള്ള ആസൂത്രിത ശ്രമമെന്നാണ് വിലയിരുത്തൽ. നഗരസഭാ സെക്രട്ടറിക്കും ഒരു ഹെൽത്ത് ഇൻസ്‌പെക്ടർക്കും ദുരന്തനിവാരണ സെല്ലിന്റെ ഐ.ഡിയിലേക്കുമാണ് മെയിലുകൾ എത്തിയത്. ഓൺലൈൻ വിപണന സൈറ്റായ ആമസോണിൽ നിന്ന് സമ്മാനത്തിന് അർഹയായിട്ടുണ്ടെന്ന് അറിയിച്ചായിരുന്നു ആദ്യ മെയിൽ. managingdirectorial@mail.com എന്ന മെയിലിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. സഹായം ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്കാണ് രണ്ടാമത്തെ മെയിലെത്തിയത്. നഗരസഭയുടെ വെബ്സൈറ്റിൽ നിന്നാകാം ഉദ്യോഗസ്ഥരുടെ മെയിൽ ഐ.ഡികൾ ശേഖരിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ശ്രദ്ധക്കുറവുണ്ടായാൽ തട്ടിപ്പിനിരയാകാൻ സാദ്ധ്യതയുള്ളതായി പൊലീസും അറിയിച്ചു. ജീവനക്കാർക്ക് ആർക്കെങ്കിലും ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ വൈകാതെ അധികൃതരുമായി ബന്ധപ്പെടണമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.