n

തിരുവനന്തപുരം / നാഗർകോവിൽ: നവരാത്രി വിഗ്രഹങ്ങൾക്കൊപ്പം ഇത്തവണ വെള്ളിക്കുതിരയെ ദർശിക്കാൻ ഭക്തർക്കാവില്ല. കൊവി‌‌ഡ് പ്രോട്ടോക്കോൾ പ്രകാരം ഘോഷയാത്ര നടത്താമെന്ന വ്യവസ്ഥയിൽ ഒത്തുതീർപ്പുണ്ടായപ്പോൾ വെള്ളിക്കുതിരയെ ഒഴിവാക്കുകയായിരുന്നു. സരസ്വതീദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തും മുന്നൂറ്റിനങ്കയെ പല്ലക്കിലുമാണ് കൊണ്ടുവന്നിരുന്നത്. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്കവച്ചതാണ് കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര.

നവരാത്രി വിഗ്രഹങ്ങളെ വാഹനത്തിൽ കൊണ്ടുവരാനായിരുന്നു സംസ്ഥാന സർക്കാരിന്റെ ആദ്യ തീരുമാനം. ഇതിനെതിരെ കന്യാകുമാരിയിലും തിരുവനന്തപുരത്തും ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് ചെറിയ പല്ലക്കുകളിൽ മൂന്നുവിഗ്രഹങ്ങളെയും ആചാരപരമായി കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്നലെ കൊട്ടാരവളപ്പിനുള്ളിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാൽ കൊട്ടാരവാതിലിന് പുറത്ത് ജനക്കൂട്ടം വിഗ്രഹങ്ങളെ വണങ്ങി യാത്ര അയയ്ക്കാൻ കാത്തുനിന്നു.

എല്ലാ കൊല്ലവും തമിഴ്നാട് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകിയുള്ള യാത്രഅയപ്പിന് ശേഷം വാദ്യഘോഷം. ഭക്തജനങ്ങളുടെ വായ്ക്കുരവ എന്നിവയുടെ അകമ്പടിയോടെയാണ് സരസ്വതി ദേവിയെ ആനപ്പുറത്തേക്ക് എഴുന്നള്ളിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇരുസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഹൈന്ദവ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ആനപ്പുറത്തുള്ള എഴുന്നള്ളത്ത് ഒഴിവാക്കുകയായിരുന്നു. നിലവിലുള്ള വലിയ പല്ലക്കിന് പകരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലുപേർക്കു എടുക്കാൻ കഴിയുന്ന ചെറിയ പല്ലക്കിലാണ് മൂന്നുവിഗ്രഹങ്ങളെയും എഴുന്നള്ളിക്കുന്നത്. ഘോഷയാത്രയിൽ വാളുമായി അകമ്പടി സേവിക്കുന്നത് ദേവസ്വം മാനേജർ മോഹനകുമാറാണ്. വഴിനീളെയുള്ള തട്ടം നിവേദ്യം, സ്വീകരണവും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. വലിയൊരു ജനാവലി നഗരവീഥികളിലുടനീളം ഘോഷയാത്ര ദർശിക്കാൻ എത്താറുണ്ട്. ഇത്തവണ അതിനും നിയന്ത്രണമുണ്ട്.

ചരിത്രത്തിന്റെ പ്രൗഢിയോടെ...

നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം സ്വാതി തിരുനാൾ മഹാരാജാവ് ചിട്ടപ്പെടുത്തിയതാണ്. കേരള ചരിത്രത്തിന്റെ മായാത്ത ഈ പൈതൃകം തമിഴ്നാട് - കേരള സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയാണ്. ഈ ഘോഷയാത്രയെ അനന്തപുരി ആഹ്ലാദാരവങ്ങളോടെ വരവേൽക്കുമ്പോൾ രണ്ടു നാടുകൾ ഹൃദയം കൊണ്ട് ഐക്യപ്പെടുകയാണ്.