
തിരുവനന്തപുരം: കോൺഗ്രസ്-ലീഗ്-മാണി എന്നത് യു.ഡി.എഫിന്റെ കാലങ്ങളായി പതിഞ്ഞു പോയ ലേബലാണ്. അതിൽ മാണിയുടെ പിന്തുടർച്ചക്കാരായ വിഭാഗം അടർന്ന് പോകുന്നത് മദ്ധ്യ തിരുവിതാംകൂറിൽ മുന്നണിയുടെ അസ്തിത്വത്തെ മാറ്റിവരയ്ക്കുന്നതാവുമോയെന്ന ശങ്ക നേതൃത്വത്തെ തുറിച്ചു നോക്കുന്നു.
അതേ സമയം, ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി മാറ്റം രാഷ്ട്രീയ തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാതിരിക്കാനുള്ള കരുതലിലാണ് കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങൾ. , കേരള കോൺഗ്രസ് മദ്ധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന് ഒരു സ്വാധീനഘടകമേയല്ലെന്ന് കരുതുന്ന പ്രബല വിഭാഗവും കോൺഗ്രസിലുണ്ട്. യു.ഡി.എഫിൽ നിന്നാലാണ് കേരള കോൺഗ്രസിന് അസ്തിത്വമുണ്ടാവുകയെന്നും അവർ കരുതുന്നു.
കോൺഗ്രസിന്റെ കൈയിലിരുന്ന രാജ്യസഭാ സീറ്റ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മാണിഗ്രൂപ്പിന് ദാനം ചെയ്തതിൽ അന്നേ അമർഷം പ്രകടിപ്പിച്ചവർ, ജോസ് കെ.മാണിയുടെ കളം മാറ്റത്തോടെ വീണ്ടും ഒളിയമ്പുകളെയ്ത് തുടങ്ങിയതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. പി.ജെ. കുര്യനും വി.എം. സുധീരനുമെല്ലാം പ്രതികരണങ്ങളിൽ ദുസ്സൂചനകളൊളിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് തർക്കത്തിൽ അനുനയ ചർച്ചകൾ പൂർത്തിയാക്കും മുമ്പ് മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന പ്രസ്താവന വേണ്ടിയിരുന്നോയെന്ന ചോദ്യം ലീഗടക്കമുള്ള ഘടകകക്ഷികളിലുമുണ്ട്. നഷ്ടമുണ്ടായാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പടുക്കുമ്പോൾ സ്വന്തം മുന്നണിയിലെ ഒരു കക്ഷി എതിർമുന്നണിയിലേക്ക് പോകുന്നത് ക്ഷീണമുണ്ടാക്കുമെന്ന യാഥാർത്ഥ്യം നേതൃത്വത്തെ കുഴപ്പിക്കുന്നു. അപ്പോഴും കോട്ടയം, ജില്ലയിൽ മാണിവിഭാഗം മത്സരിച്ച സീറ്റുകൾ കൂടി ലഭിക്കുമെന്ന ആഹ്ലാദത്തിലാണ് കോൺഗ്രസിലെ ഒരു വിഭാഗം.
ജോസിന്റെ ചുവടുമാറ്റത്തിന്റെ ക്ഷീണം, പാലായിൽ ഇടഞ്ഞുനിൽക്കുന്ന മാണി സി.കാപ്പനെയും എൻ.സി.പിയെയും ഇപ്പുറത്തെത്തിച്ച് തീർക്കാനാകുമോയെന്നും യു.ഡി.എഫ് നോക്കുന്നുണ്ട്. അതിനുള്ള ചരടുവലികൾ അണിയറയിൽ ആരാരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ്-ബിയെ മുന്നണിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും, ഉമ്മൻ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും എതിർപ്പിനെ തുടർന്ന് ആ നീക്കം യു.ഡി.എഫ് ഉപേക്ഷിച്ചതാണ്. യു.ഡി.എഫ് യോഗം ഇന്ന് ചേരുന്നുണ്ട്.