davood

തിരുവനന്തപുരം: സ്വർണക്കടത്തിലെ തീവ്രവാദബന്ധം കണ്ടെത്താൻ ആഫ്രിക്കയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് എൻ.ഐ.എ. ടാൻസാനിയയിൽ നിന്ന് യു.എ.ഇയിലേക്ക് വജ്രം കള്ളക്കടത്ത് നടത്തുന്ന തമിഴ്നാട്ടുകാരൻ ഫിറോസുമായി സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾക്കുള്ള ബന്ധം കണ്ടെത്താനാണ് ശ്രമം. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് ഫിറോസ്. ആഫ്രിക്കൻ പൗരന്മാരെ ഉപയോഗിച്ച് എമിറേറ്റ്സ് വിമാനത്തിൽ ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള വജ്രം കടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്നത് ഫിറോസാണ്.

സ്വർണക്കടത്തിന് ആഫ്രിക്കൻ ബന്ധമുണ്ടെന്ന് "കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് എൻ.ഐ.എ കോടതിയിൽ നൽകിയ റിപ്പോർട്ട്. മുഖ്യപ്രതിയായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അവിടത്തെ ലഹരി, കള്ളക്കടത്ത് മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും എൻ.ഐ.എ കണ്ടെത്തിയതാണ്. ദാവൂദിന്റെ സംഘാംഗമായ ഫിറോസുമായുള്ള ബന്ധം കണ്ടെത്താനായാൽ സ്വർണക്കടത്തിലെ യു.എ.പി.എ നിലനിറുത്താൻ എൻ.ഐ.എയ്ക്ക് കഴിയും.

ദുബായിൽ ദാവൂദിന്റെ ഒയാസിസ് ഓയിൽ ആൻഡ് ലൂബ് എന്ന കമ്പനി നോക്കിനടത്തുന്നത് ഫിറോസാണ്. അതിനാൽ ഇയാളെ ഫിറോസ് ഒയാസിസ് എന്നാണ് അറിയപ്പെടുന്നത്. ദുബായിലെ അൽ-നൂർ ഡയമണ്ട്സ് എന്ന വജ്രവ്യാപാരസ്ഥാപനവും ഫിറോസാണ് നടത്തുന്നത്. ആഫ്രിക്കയിൽ നിന്ന് കള്ളക്കടത്തിലൂടെ എത്തിക്കുന്ന വജ്രം ഇവിടെയാണ് വിറ്റഴിക്കുന്നത്. തമിഴ്, അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന ഫിറോസിന് രണ്ട് ഭാര്യമാരുണ്ട്, ഒരാൾ ഇന്ത്യക്കാരി, മറ്റേത് പാകിസ്ഥാനി. ഫിറോസിൽ നിന്ന് ആയുധം വാങ്ങാൻ പ്രതികൾ ശ്രമിച്ചെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.