
തൃക്കാക്കര: തെങ്ങോട് വാടക വീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റിനെ കുത്തിക്കാെന്ന കേസിലെ പ്രതി വെങ്കിടേഷ് എന്ന ചണ്ഡീരുദ്രൻ (24) തൂങ്ങിമരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
കാക്കനാട് ഇൻഫോപാർക്കിന് സമീപം മൈത്രി നഗറിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഹോസ്റ്റലിലെ കിടപ്പ്മുറിയിലാണ് തൂങ്ങിയ നിലയിൽ ഹോസ്റ്റൽ മാനേജർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ജനുവരിയിൽ കാക്കനാട് ഇടച്ചിറയിൽ മുസ്ക്കി ബ്യൂട്ടിപാർലറിലെ മാനേജർ കം മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന വിജയ് ശ്രീധറിനെ (28) വാടക വീട്ടിലെ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചണ്ഡീരുദ്ര.
ഒളിവിൽ പോയ പ്രതിയെ ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജുവിന്റെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തെലുങ്കാനയിൽ നിന്നാണ് പിടികൂടിയത്.
ഒന്നരമാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങി.എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണമെന്നതിനാലാണ് കാക്കനാട് താമസിച്ചിരുന്നത്. മൃതദേഹം കോവിഡ് ടെസ്റ്റിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.