
തിരുവനന്തപുരം: കടലാക്രമണം തടയാൻ കടൽ ഭൂവസ്ത്രം (ജിയോ ട്യൂബ്) ഉപയോഗിച്ചുള്ള തീര സംരക്ഷണപ്രവർത്തനങ്ങൾ പൂന്തുറയിൽ നടപ്പാക്കുന്നതിനെച്ചൊല്ലി മന്ത്രിസഭായോഗത്തിൽ മന്ത്രിമാരായ എ.കെ.ബാലനുംമേഴ്സിക്കുട്ടിഅമ്മയുംതമ്മിൽ തർക്കം.
കടലാക്രമണത്തിൽ നിന്ന് തീരവാസികളെ സംരക്ഷിക്കാൻ ജിയോട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം തിരുവനന്തപുരത്തെ പൂന്തുറ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ വേഗത്തിൽ നടപ്പാക്കണമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിഅമ്മ യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ ചില നിയമങ്ങളും ചട്ടങ്ങളും ഇതിന് തടസ്സമാകുമെന്നും, കരാറുമായി ബന്ധപ്പെട്ട് പുന:പരിശോധന വേണ്ടിവരുമെന്നും നിയമ മന്ത്രി എ.കെ. ബാലൻ പറഞ്ഞതോടെ മേഴ്സിക്കുട്ടിഅമ്മ എതിർപ്പുയർത്തി. പൂന്തുറയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി സംസ്ഥാന വ്യാപകമാക്കുകയും തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും ചെയ്യേണ്ട പദ്ധതിയാണിതെന്ന് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചട്ടവും നിയമവും പറഞ്ഞ് തടഞ്ഞാൽ പരീക്ഷണാടിസ്ഥാനത്തിൽ പോലും ഈ സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കാനാകില്ല. ആന്ധ്രാപ്രദേശും തമിഴ്നാടും വിജയകരമായി നടപ്പാക്കിയ പദ്ധതികളാണിതെന്നും മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.