d
ദേവികയ്ക്കും സഹോദരങ്ങളായ ഭരത്,​ പാർവതി,​ പ്രാർത്ഥന എന്നിവർക്കുമൊപ്പം മജിഷ്യൻ ഗോപിനാഥ് മുതുകാട്

തിരുമലയിലെ ദേവാമൃതത്തിൽ സമ്മാനമഴ

തിരുവനന്തപുരം: ''ദേവിക ഏതു ക്ലാസിലാ പഠിക്കുന്നത്?​''

''ഒൻപതാം ക്ലാസിലാ...''

''ഒൻപതാം ക്ലാസിലെ കുട്ടിയാണോ? സ്വരം കൊച്ചു കുട്ടിയുടേതാണല്ലോ സ്വീറ്റ് വോയ്സ്''

ദേവികയ്ക്ക് കിട്ടിയ അഭിനന്ദനം മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടേതാണ്.

മായേനി മേരിയേ.... എന്നു തുടങ്ങുന്ന ഹിമാചലിന്റെ നാടോടിഗാനം പാടി പ്രധാനമന്ത്രിയുടെ വരെ പ്രശംസ പിടിച്ചുപറ്റിയ ദേവികയുടെ പ്രിയപ്പെട്ട പാട്ടുകാരിയാണ് കെ.എസ്. ചിത്ര.

ദേവികയെ അഭിനന്ദിക്കാനായി ഇന്നലെ തിരുമലയിലെ വീട്ടിലെത്തിയ യുനിസെഫ് സെലിബ്രിറ്റി സപ്പോര്‍ട്ടര്‍ കൂടിയായ മജിഷ്യൻ ഗോപിനാഥ് മുതുകാടാണ്ചിത്രയുമായി ദേവികയ്ക്കു സംസാരിക്കാൻ അവസരമൊരുക്കിയത്. കുട്ടികൾക്കുള്ള മാജിക് കിറ്റുമായിട്ടാണ് മുതുകാടും മാജിക് അക്കാഡമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മലയും എത്തിയത്. സംസാരത്തിനിടയിൽ ഇഷ്ടപ്പെട്ട ഗായിക ആരെന്നായി മുതുകാട്. 'ചിത്രാമ്മ' എന്ന് ഉത്തരം. നേരിട്ട് സംസാരിച്ചിട്ടുണ്ടോ?​ 'ഇല്ല' എന്നാൽ ഇപ്പോൾ സംസാരിക്കൂ എന്നു പറഞ്ഞ് .ചിത്രയെ ഫോണിൽ വിളിച്ച് ദേവികയ്ക്കു നൽകുകയായിരുന്നു .ഇഷ്ടഗായികയുടെ ശബ്ദം കേട്ടപ്പോൾ ദേവികയ്ക്ക് സന്തോഷം. തരംഗമായ ആ പാട്ട് കേൾക്കണമെന്ന് ചിത്രയ്ക്കും ആഗ്രഹമായി. ദേവിക പാടി. ഇടയ്ക്ക് റെയ്‌ഞ്ചിന്റെ പ്രശ്നം വന്നപ്പോൾ പാട്ടിന്റെ വീഡിയോ വേണമെന്ന് ചിത്ര. അതപ്പോൾ തന്നെ മുതുകാടിന്റെ ഫോണിൽ നിന്നും സെന്റായി.

ഇന്നലേയും സമ്മാനങ്ങളുടെ പെരുമഴയായിരുന്നു ദേവികയ്ക്ക്. നെഹ്രു യുവകേന്ദ്ര യൂത്ത് ഡവലപ്മെന്റ് സെന്റർ പ്രതിനിധികൾ ഉപഹാരവുമായെത്തി. കൊവിഡ് കഴിയുമ്പോൾ ഹിമാചൽ പ്രദേശിൽ പോകാനുള്ള ചെലവ് വഹിക്കാമെന്ന് അവർ അറിയിച്ചു. യുണിബിക് കൂക്കീസ് കമ്പനിക്കാർ അവരുടെ ബിസ്കറ്റ് പായ്ക്കറ്റുകളും മിഠായികളുമായാണെത്തിയത് ഒപ്പം,ബംഗളൂരുവിലേക്കുള്ള ക്ഷണവും. കെ.പി.സി.സി,​ ലയൻസ് ക്ലബ് ഭാരവാഹികളും സമ്മാനങ്ങളുമായി ദേവികയെ തേടിയെത്തി.