kovalam

കോവളം: കോവളം വികസന പദ്ധതിയുടെ ഫേസ് രണ്ടിന്റെ 10 കോടിയുടെ നിർമ്മാണം നീളും. വികസനപദ്ധതിയിൽ രണ്ടാം ഘട്ടത്തിലാണ് കോവളം ലൈറ്റ് ഹൗസും സീറോക്ക് ബീച്ചും ഉൾപ്പെടുത്തിയിരുന്നത്. സമുദ്രാ ബീച്ച് ഉൾപ്പെടുന്ന രണ്ട് ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ ഇക്കൊല്ലം ഒന്നാം ഘട്ടം മാത്രം പൂർത്തിയാക്കാനാണ് സാധ്യത. കൊവിഡും തുടർന്നുള്ള ലോക്ക് ഡൗണും പ്രദേശത്തെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതും മൂലം ആറേഴ് മാസമായി ബീച്ച് ശോകമൂകമായ അവസ്ഥയിലാണ്. കഴിഞ്ഞ മാസം കോവളം ലൈറ്റ് ഹൗസ് ബീച്ച് മുതൽ ഗ്രോബീച്ച് വരെ ഒന്നര കിലോമീറ്റർ ദൂരമുള്ള തീരവും നടപ്പാത ഉൾപ്പെടെയുള്ളവയും കടൽ വിഴുങ്ങുകയും ചെയ്തു. ഇപ്പോൾ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞു കിടുക്കുന്നുണ്ടെങ്കിലും നവംബറോടെ തീരത്ത് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാർ. തീരസംരക്ഷണഭിത്തി, നടപ്പാത നവീകരണം, ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, ബീച്ച് വെണ്ടർ ബൂത്തുകൾ, സ്വാഗത കവാടം, സൈൻ ബോർഡുകൾ, ആറ് കൽമണ്ഡപങ്ങൾ, ഗ്രാനൈറ്റ് സ്ലാബുകൾ പതിച്ച ഇരിപ്പിടങ്ങൾ, എടക്കല്ല് റോക്ക് ഗാർഡൻ , ടോയ്‌‌ലെറ്റ്,​ വിശ്രമമുറികൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുവാൻ ഉദ്ദേശിരുന്നത്. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് ലാൽ, ഹാർബർ എൻജിനീയറിങ് വിഭാഗം സി.ഇ ബി.റ്റി.വി കൃഷ്ണൻ, ടൂറിസം കോവളം ഓഫീസർ പ്രേം ഭാസ് ,ഊരാളുങ്കൽ ലേബർ കോ.ഓപ്പറേറ്റീവ് സർവ്വീസ് സൊസൈറ്റി പ്രതിനിധികൾ എന്നിവർ ഇന്നലെ കോവളം ബീച്ചിലെത്തി ചർച്ചകൾ നടത്തിയിരുന്നു