air-india-

തിരുവനന്തപുരം: എയർഇന്ത്യ ഉദ്യോഗസ്ഥനെപ്പ​റ്റി വ്യാജ പരാതി നൽകിയെന്ന കേസിൽ സ്വപ്ന സുരേഷിനും ബിനോയ് ജേക്കബിനുമെതിരെ മൊഴി നൽകിയവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച്. ഇതിനായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേ​ട്ട് കോടതിയിൽ അപേക്ഷ നൽകി.

എയർഇന്ത്യ ജീവനക്കാരനായ സിബുവിനെതിരായ പരാതിയിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചതാണെന്ന്, പരാതിക്കാരായ 18 സ്ത്രീകളിലൊരാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. തെ​റ്റിദ്ധരിപ്പിച്ചാണ് സിബുവിനെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്ന് മ​റ്റൊരു സ്ത്രീയും മൊഴി നൽകി. കേസിലെ സാക്ഷികളായ രണ്ടുപേരുടെയും രഹസ്യമൊഴി രേഖപ്പെടുത്താനാണ് അപേക്ഷ നൽകിയത്. സിബുവിനെതിരെ വ്യാജ ലൈംഗീക പീഡന പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.

എയർ ഇന്ത്യ സാ​റ്റ്സ് മുൻ വൈസ് ചെയർമാനായ ബിനോയ് ജേക്കബ്, സ്വപ്ന സുരേഷ് എന്നിവരാണ് അന്വേഷണം നേരിടുന്നത്..വ്യാജ പരാതി സംബന്ധിച്ച് വലിയതുറ പൊലീസാണ് ആദ്യം കേസെടുത്തത്. ബിനോയിക്കെതിരെ തെളിവുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് നിലപാട് മാ​റ്റി. ഇതേത്തുടർന്നാണ് സിബു ഹൈക്കോടതിയെ സമീപിക്കുകയും ക്രൈംബ്രാഞ്ച് കേസ് ഏ​റ്റെടുക്കുകയും ചെയ്തത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന പ്രതിയായതോടെയാണ് അന്വേഷണം ഊർജ്ജിതമായത്. എയർഇന്ത്യ സാ​റ്റ്സിൽ നിന്ന് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ഭദ്ര ഇന്റർനാഷണലിലെത്തിയ ബിനോയ് ജേക്കബ് ,ആരോപണങ്ങളെത്തുടർന്ന് രാജി വച്ചു. ക്രൈംബ്രാ‌ഞ്ച് കേസ് നിലനിൽക്കെ, കേസൊന്നുമില്ലെന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്ക​റ്റ് ലഭ്യമാക്കിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു രാജി.