തിരുവനന്തപുരം: കൊവിഡ് ചതിച്ചതിനാൽ എല്ലാവർക്കും ഒപ്പം എഴുതാൻ കഴിയാതിരുന്ന നീറ്റ് പരീക്ഷ പൃഥ്വിരാജ് ഇന്നലെ ഒറ്റയ്ക്കിരുന്നെഴുതി. രാവിലെ മുതൽ ഉദിയൻകുളങ്ങര ന്യൂജ്യോതി സെൻട്രൽ സ്കൂൾ കാത്തിരിക്കുകയായിരുന്നു പൃഥ്വിരാജിനെ. ഇന്നലെ സംസ്ഥാനത്ത് 'നീറ്റ്' പരീക്ഷ എഴുതിയ ഒൻപതു പേരിൽ ഒരാളും തലസ്ഥാനത്തെ ഏക വിദ്യാർത്ഥിയുമാണ് മുട്ടത്തറ സ്വദേശി പൃഥ്വിരാജ്.
മുട്ടത്തറയിൽ നിന്നും എഫ്.സി.ഐ യിലെ ജോലിക്കാരനായ അച്ഛൻ പ്രതീഷ്‌കുമാറിനൊപ്പം ഒന്നരയോടെ പൃഥ്വിരാജ് സ്കൂളിൽ എത്തി. ജീവനക്കാർ നൽകിയ സാനറ്റൈസർ പുരട്ടി ശരീരോഷ്മാവ് പരിശോധനയ്ക്കുശേഷം പരീക്ഷാ ഹാളിലേക്ക്. ബന്ധുവിൽ നിന്നും കൊവിഡ് പകർന്നതിനാലാണ് എല്ലാവർക്കുമൊപ്പം പൃത്ഥിരാജിന് പരീക്ഷയെഴുതാൻ കഴിയാതെ പോയത്. പ്രിൻസിപ്പൽ ഗൗരിയാണ് ഏക പരീക്ഷാർത്ഥിയെ സ്വീകരിച്ചത്. ഹാളിലിരുന്ന പൃഥ്വിരാജിന്റെ ക്ഷീണം കണ്ടപ്പോൾ ഇൻവിജിലേറ്രർക്ക് വിഷമം. ഇവന് എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊടുക്കേണ്ടേയെന്ന് അച്ഛനോട്. അടുത്ത കടയിൽ നിന്നും വെള്ളവും ബിസ്കറ്റും എത്തി. പരീക്ഷ എളുപ്പമായിരുന്നുവെന്നും ഇങ്ങനെയൊരു അവസരം വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.