dd

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 8 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി (53) ൽ നിന്നാണ് 158 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതിന് 8,08,170 രൂപ വില വരും.

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്നെത്തിയ രണ്ടു പേരിൽ നിന്ന് 1.17 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, വി.പി.ബേബി, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ഹബീബ്, മനോജ് യാദവ്, ജോയി സെബാസ്റ്റ്യൻ, ഹവിൽദാർ രാജൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.