തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാരുമായി എത്തിയ വാഹനത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും കെ.എസ്.ആർ.ടി.സി സ്‌ക്വാഡും തടഞ്ഞതിനെച്ചൊല്ലി തർക്കം. യാത്രക്കാരായ ഉദ്യോഗസ്ഥരും സ്‌ക്വാഡ് അംഗങ്ങളും തമ്മിലുള്ള വാക്ക് തർക്കത്തിനിടെ ചെക്ക് റിപ്പോർട്ട് എഴുതുകയായിരുന്ന കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ എമേഴ്സണിനെ കൈയേറ്റം ചെയ്‌തതായി പരാതിയുണ്ടായതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ കഴക്കൂട്ടത്തുവച്ചാണ് സ്‌ക്വാ‌ഡ് വാഹനം ത‌ടഞ്ഞത്. ബസിൽ സർക്കാർ ജീവനക്കാരായതിനാൽ യാത്ര തുടരാൻ അനുവദിച്ച ശേഷം സെക്രട്ടേറിയറ്റിന് സമീപം തുടർ നടപടികൾ സ്വീകരിക്കുമ്പോഴായിരുന്നു പ്രശ്‌നം. സർക്കാരിന്റെ അനുവാദത്തോടെയാണ് സമാന്തരസർവീസ് ഉപയോഗിക്കുന്നതെന്നായിരുന്നു ജീവനക്കാരുടെ വാദം. ലോക്ക് ഡൗൺ ആരംഭിച്ചപ്പോഴാണ് ജീവനക്കാർക്കായി സ്വകാര്യ വാഹനങ്ങൾ സമാന്തര സർവീസുകൾ ആരംഭിച്ചത്. എന്നാൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുവേണ്ടി ബോണ്ട് സർവീസ് ആരംഭിച്ച ശേഷമാണ് സ്‌ക്വാഡ് നടപടിയുമായി രംഗത്തുവന്നത്. വനിതാ ജീവനക്കാരോട് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും എടുത്തെന്നും ആരോപിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.