
കിളിമാനൂർ: നാളികേര കർഷകരുടെ എണ്ണം കുറയുമ്പോഴും നാട്ടിൽ തേങ്ങ കച്ചവടക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാളികേരം എത്തിച്ചാണ് കച്ചവടം. കൊവിഡ് പ്രതിസന്ധിയിൽ വിദേശത്തെ ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിരവധി പേർ ഉപജീവനത്തിനായി തേങ്ങ കച്ചവടത്തിലേക്ക് ചുവട് മാറ്റുകയാണ്. എങ്കിലും മികച്ചയിനം നാളികേരത്തിന്റെ ലഭ്യതക്കുറവ് കച്ചവടക്കാർക്ക് വെല്ലുവിളിയാണ്. ഓരോ വർഷം പിന്നിടുമ്പോഴും സംസ്ഥാനത്തെ കേര കർഷകരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ വീടുകൾ പടുത്തുയർത്താനായി പറമ്പുകളിലെ തെങ്ങുകൾ മുറിച്ചു മാറ്റാൻ ആരും മടിക്കാറില്ല. വെട്ടി മാറ്റപ്പെട്ട തെങ്ങുകൾക്ക് പകരം തൈകൾ നടുന്ന പതിവും ഇപ്പോഴില്ല. പഴയകാലത്തു ഉണ്ടായതിന്റെ കാൽ ശതമാനം നാളികേര ഉത്പാദനം ഇപ്പോൾ നാട്ടിൽ നടക്കുന്നില്ലെന്ന് കേര കർഷകർ പറയുന്നു.
പ്രതിസന്ധി
2018 മുതൽ തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും വെള്ളപ്പൊക്കവും നാളികേര കൃഷിയെ കാര്യമായി ബാധിച്ചു. വേര് ചീയുന്നതും മണ്ട ചീയുന്നതും വ്യാപകമാണ്. മണ്ഡരി ബാധ മൂലം നാളികേരത്തിന്റെ വലിപ്പം കുറഞ്ഞതോടെ എണ്ണി എടുക്കുന്ന രീതിക്ക് മാറ്റം വന്നു. ഇപ്പോൾ കിലോ കണക്കിൽ തൂക്കിയാണ് തേങ്ങ കച്ചവടം. മുൻപ് നാളികേര ബോർഡിൽ നിന്ന് വളവും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. നിലവിൽ ഇത്തരം സഹായങ്ങൾ കാര്യമായി ലഭിക്കാത്തതും കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്.
നിലച്ചുപോയ കൃഷി രീതികൾ
മണൽ ഇറക്ക്, വളം ഇടീൽ, കിളയ്ക്കുക തുടങ്ങിയ പരമ്പരാഗത കൃഷി രീതികൾ തുടരുന്നവർ കുറവാണ്. നിലച്ചു പോയ കൃഷി രീതികൾ നാളികേര കർഷകരുടെ എണ്ണം കുറഞ്ഞതോടെ പരമ്പരാഗത രീതിയിലുള്ള കൃഷി രീതികൾ പല സ്ഥലത്തും നിലച്ച മട്ടാണ്. കട്ട കുത്തിയിറക്കൽ, മണൽ ഇറക്ക്, വളമിടീൽ തുടങ്ങി നിരന്തരം ചെയ്യേണ്ട പരിപാലനം പല കൃഷിയിടങ്ങളിലും നടക്കുന്നില്ല.
കൂലിയും മറ്റൊരു പ്രതിസന്ധി
കർഷകരും കച്ചവടക്കാരും ഒരു പോലെ നേരിടുന്ന പ്രതിസന്ധിയാണ് കൂലിച്ചെലവ്. ഒരു തെങ്ങിൽ കയറുന്നതിന് 50 മുതൽ 75 രൂപ വരെയാണ് കൂലി. കിളയ്ക്കാനും വളമിടാനും തൊഴിലാളിയെ നിറുത്തണമെങ്കിൽ ഒരു ദിവസം 900 രൂപ കൂലി നൽകണം. മികച്ചയിനം തേങ്ങയ്ക്ക് കിലോയ്ക്ക് 48 രൂപ വരെ വിപണി വിലയുണ്ട്.
തേങ്ങയുടെ വില കിലോയ്ക്ക് ലോക്ക് ഡൗണിനു മുൻപ് : 25 - 30 രൂപ
ലോക്ക് ഡൗണിനു ശേഷം : 45 - 50 രൂപ
റബർ കൃഷിക്കായി ഏറ്റവും അധികം മുറിച്ചു മാറ്റപ്പെട്ടത് തെങ്ങുകളാണ്