
വെഞ്ഞാറമൂട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഇരട്ടി മധുരത്തിലാണ് വെഞ്ഞാറമൂടുകാർ. മികച്ച നടനുള്ള പുരസ്കാരം സുരാജിനെ തേടിയെത്തിയതോടൊപ്പം മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതി അഭിനയിച്ച " ബിരിയാണി " എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് വെഞ്ഞാറമൂട് സ്വദേശി സജിൻ ബാബുവാണ്. വെഞ്ഞാറമൂട്ടിലെ പ്രശസ്‌തമായ വേങ്കമല ക്ഷേത്രത്തിലായിരുന്നു ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഇരുപത്തിയഞ്ചോളം ഫിലിം ഫെസ്റ്റുകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. പേരറിയാത്തവരിലൂടെ ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിനെ തേടി സംസ്ഥാന പുരസ്കാരം എത്തിയതോടെ വീട്ടുകാരും സുഹൃത്തുക്കളും സന്തോഷത്തിലാണ്. മിമിക്രി കലാരംഗത്തു നിന്നുമെത്തി ഹാസ്യ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിൽ സുരാജ് തുടക്കം കുറിച്ചത്. ഹാസ്യം മാത്രമല്ല അഭിനയത്തികവുള്ള കഥാപാത്രങ്ങളെയും തന്മയത്തത്തോടെ അവതരിപ്പിക്കാമെന്നു പേരറിയാത്തവരിലും ഗദ്ധാമയിലെയും ആദാമിന്റെ മകനിലേയും അഭിനയത്തിലൂടെ സുരാജ് തെളിയിച്ചിരുന്നു.