h

കഴക്കൂട്ടം: ശക്തമായ മഴയെ തുടർന്നുള്ള പ്രതികൂല അവസ്ഥയിലും കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയുടെ പണികൾ പുരോഗമിക്കുന്നു. 250ഒാളം തൊഴിലാളികളുടെ ആവശ്യമുള്ള സ്ഥാനത്ത് കൊവിഡ് വ്യാപനം മൂലം തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. 150ഒാളം തൊഴിലാളികളെ വച്ചാണ് നിർമ്മാണ ജോലികൾ മുന്നോട്ട് കൊണ്ടു പോകുന്നത്.

രൂക്ഷമായ ഗതാഗതക്കുരുക്ക്
തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ ദ്രുതഗതിയിൽ നടക്കുന്നതിനാൽ കഴക്കൂട്ടം വഴിയുള്ള ഗതാഗത കുരുക്ക് രൂക്ഷമായി. മഴകൂടി പെയ്തതോടെ ചെളിയും കുണ്ടും കുഴിയും കാരണം സർവീസ് റോഡിലൂടെയുള്ള വാഹനയാത്ര ദുഃസഹമാണ്. ഒരു വാഹനം കഴക്കൂട്ടം കടന്നുകിട്ടാൻ ഇപ്പോൾ വേണ്ടത് ഏതാണ്ട് അരമണിക്കൂർ. സർവീസ് റോഡ് നിർമ്മിച്ച് ടാർ ചെയ്ത ശേഷം അതുവഴി വാഹനങ്ങൾ കടത്തി വിട്ടുകാെണ്ട് എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് നിർമ്മാണ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ, റോഡിനിരുവശവും ഏറ്റെടുത്ത സ്ഥലം ഒഴിപ്പിച്ച് കിട്ടാനുള്ള കാലതാമസം വന്നതോടെ കാരണം സർവീസ് റോഡ് നിർമ്മിക്കാനായില്ല. ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടായതോടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ ഇടിച്ച് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. പിന്നീടാണ് സർവീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്.

ടെക്നോപാർക്കിന് മുന്നിൽ തുടക്കം

ടെക്നോപാർക്കിന്റെ പ്രവേശന കവാടം മുതൽ സി.എസ്.ഐ ആശുപത്രിക്കടുത്ത് വരെയുള്ള 2.8 കിലോമീറ്റർ നീളത്തിലാണ് എലിവേറ്റഡ് ഹൈവേ പണിയുന്നത്. ഇനി 200 മീറ്റർ മാത്രമാണ് പണി തുടങ്ങാൻ ബാക്കിയുള്ളത്. മൊത്തം 80 പില്ലർ ആണ് ഇതിനായി പണിയേണ്ടത്. അതിൽ ഇനി എട്ട് പില്ലർ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുൻവശത്താണ് പില്ലറിന്റെ പണി നടക്കുന്നത്. ഒരു പില്ലർ പണിയാൻ അഞ്ചുദിവസം ആവശ്യമാണ്. ഓരോ പില്ലറിനു താഴെയും 5 പൈലുകൾ ഉണ്ട്. ഓരോ പൈലിനും 30 മീറ്റർ മുതൽ 40 മീറ്റർ വരെ ആഴമുണ്ടാവും. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ഒരു മാസം കൊണ്ട് പൈലിംഗ് പണി പൂർത്തിയാകും.

ഏപ്രിൽ 2021 ആണ് കരാർ കാലാവധിയെങ്കിലും 2021 ജൂലായിൽ പണി പൂർത്തിയാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സ്ഥലമേറ്രെടുക്കുന്നതിലെ കാലതാമസവും കൊവിഡും കാരണം പണി സുഗമമായി കൊണ്ടു പോകുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രോജക്ട് വൈസ് പ്രസിഡന്റ് റിട്ട. കേണൽ എം.ആർ.ആർ. നായർ പറഞ്ഞു. ലോക്ക് ഡൗൺ കാരണം തൊഴിലാളികളുടെ ക്ഷാമം മാത്രമല്ല നിർമ്മാണത്തിനാവശ്യമായ മെറ്റീരിയലുകൾ കിട്ടാനും കാലതാമസം നേരിടുന്നു. നിർമ്മാണ സാമഗ്രികൾ കൊണ്ടു വരുന്നത് മുംബൈ, ചെന്നൈ, പൂനെ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നാണ്. കൂടാതെ ഭൂമി നഷ്ടപ്പെടുന്ന സ്വകാര്യ വ്യക്തികൾ കേസിനു പോയത് കാരണം സ്ഥലം വിട്ടുകിട്ടാൻ താമസം നേരിടുന്നതും നിർമ്മാണ പുരോഗതിക്ക് തടസ്സമായി. മഴകാരണം ക്വാറികൾ അടച്ചിട്ടതിനാൽ കല്ലുകൾ, ചല്ലി അടക്കമുള്ള മെറ്റീരിയലുകൾ കിട്ടാനും താമസം നേരിട്ടു.

നഷ്ടപരിഹാരത്തുക ലഭിച്ചില്ല

ഭൂവുടമകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ലഭിക്കാൻ താമസിക്കുന്നതിനാൽ അവരുടെ സ്ഥലം വിട്ടു കൊടുത്തിട്ടില്ല. ഇതിൽ നഷ്ടപരിഹാരത്തുക മുഴുവനായി കിട്ടാനുള്ളവരും ഭാഗികമായി കിട്ടാനുള്ളവരും ഉൾപ്പെടുന്നുണ്ട്. ചിലർ കേസിനും പോയിട്ടുണ്ട്. നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്‌നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേ​റ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. കഴക്കൂട്ടം മുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്റി നിതിൻ ഗഡ്കരിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

എലിവേറ്റഡ് ഹൈവേ

 സംസ്ഥാനത്തെ ഏറ്റവും നീളമുള്ള ഫ്ളൈ ഒാവർ

 ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിൽ സി.എസ്.ഐ ആശുപത്രി വരെ

 നീളം 2.80 കിലോമീറ്റ,​ വീതി 45 മീറ്റർ

 പണി തുടങ്ങാൻ ബാക്കിയുള്ളത് 200 മീറ്ററിൽ മാത്രം

 ആകെ നിർമ്മിക്കേണ്ടത് 80 പില്ലറുകൾ

 ബാക്കിയുള്ളത് 8 പില്ലറുകൾ

 പൈലിംഗ് ജോലികൾ ഒരു മാസത്തിനുള്ളിൽ തീരും