mmm

അന്തിക്കാട്: നിധിൽ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിധിലിനെ കൊലപ്പെടുത്തിയവർക്ക് ഒളിത്താവളവും സംരക്ഷണവും പണവും നൽകി സഹായിച്ച ചേർപ്പ് വല്ലച്ചിറ തൈക്കൂട്ടത്തിൽ സന്ദീപിനെ (35) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ വട്ടിപ്പലിശക്കാരനാണ്. ചേർക്ക് മുൻ ബ്ലോക്ക് വനിതാ അംഗത്തിന്റെ മകൻ കൂടിയായ സന്ദീപിനെ വല്ലച്ചിറയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് പൊലിസ് പറഞ്ഞു.

നിധിൽ വധക്കേസിൽ ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സനൽ, ശ്രീരാഗ്, അനുരാഗ്, സായിഷ്, അഖിൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയത് സന്ദീപാണ്. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് സന്ദീപിന്റെ ഇടപെടലിനെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയും സഹായം നൽകിയ മുഴുവൻ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് കൂട്ടാല വീട്ടിൽ നിധിലിനെ മാങ്ങാട്ടുകരയിൽ വച്ച് കാറിലെത്തിയസംഘം വെട്ടിക്കൊലപ്പെടുത്തിയത്.