eeee

തിരുവനന്തപുരം: ഇന്നലെ രാവിലെ മുതൽ ഉദിയൻകുളങ്ങര ന്യൂജ്യോതി സെൻട്രൽ സ്കൂൾ കാത്തിരിക്കുകയായിരുന്നു പൃഥ്വിരാജ്. മുട്ടത്തറയിൽ നിന്നും അച്ഛനൊപ്പം പുറപ്പെട്ട പൃഥ്വിരാജ് ഒന്നരയോടെ സ്കൂളിലെത്തി. ജീവനക്കാർ നൽകിയ സാനിറ്റൈസർ പുരട്ടി ശരീരോഷ്മാവ് പരിശോധിച്ച ശേഷം നേരെ പരീക്ഷാ ഹാളിലേക്ക്. ഇന്നലെ സംസ്ഥാനത്ത് 'നീറ്റ്' പരീക്ഷ എഴുതിയ ഒമ്പതു പേരിൽ ഒരാളും തലസ്ഥാനത്തെ ഏക വിദ്യാർത്ഥിയുമാണ് മുട്ടത്തറ സ്വദേശി പൃഥ്വിരാജ്. എഫ്.സി.ഐ യിലെ ജോലിക്കാരനായ പ്രതീഷ്‌കുമാറിന്റെ മകനാണ്. ഓണത്തിന് ബന്ധുവിൽ നിന്നും പകർന്നു കിട്ടിയ കൊവിഡ് കാരണം നേരത്തെ എല്ലാവർക്കും ഒപ്പം പരീക്ഷ എഴുതാനായില്ല. പരീക്ഷ എഴുതാൻ കഴിയത്തതിന്റെ നിരാശയിലായിരുന്നു പൃഥ്വിരാജിനെ ഇങ്ങനെ ഒരു അവസരം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രിൻസിപ്പൽ ഗൗരിയാണ് ഏക പരീക്ഷാർത്ഥിയെ സ്വീകരിച്ചത്. ഹാളിലിരുന്ന പൃഥ്വിരാജിന്റെ ക്ഷീണം കണ്ടപ്പോൾ ക്ലാസിലെ ടീച്ചർക്ക് വിഷമം. ഇവന് എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊടുക്കെണ്ടെയെന്ന് അച്ഛനോട്. അടുത്ത കടയിൽ നിന്നും വെള്ളവും ബിസ്കറ്റുമെത്തി. കെ.എസ്.ആർ.ടി.സി ബസിലാണ് മുട്ടത്തറയിൽ നിന്നും പൃഥ്വിരാജും അച്ഛനും പരീക്ഷാ സെന്ററിലെത്തിയത്.