d

പേരാമ്പ്ര: ആന്ധ്രയിൽ നിന്നു കടത്തിയ ഒൻപത് കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിലായി. കൊയിലാണ്ടി മൂടാടി ചിങ്ങപുരം സ്വദേശികളായ ഷാമിൽ മുഹമ്മദ് (28), സി. മുഹമ്മദ് (41), ഷബി| (24) എന്നിവരാണ് അറസ്റ്റിലായത്.

കാറിൽ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവ് ബൈക്കിൽ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടയിലാണ് മൂവർ സംഘത്തെ പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. കോഴിക്കോട് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗമായ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഈ വേട്ട.

രണ്ട് വലിയ ബാഗുകളിലും ഒരു പ്ലാസ്റ്റിക് ചാക്കിലും നിറച്ച നിലയിലായിലായിരുന്നു കഞ്ചാവ്. സാധനം കടത്താൻ ഉപയോഗിച്ച എൻഫീൽഡ് ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.

ഇന്റലിജൻസ് ഇൻസ്പക്ടർ പ്രജിത്ത്, എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം ടി. ഷിജുമോൻ, പേരാമ്പ്ര എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. ബാബുരാജ്, പ്രിവന്റീവ് ഓഫീസർ എൻ. അജയകുമാർ, ഇന്റലിജൻസ് പ്രിവന്റിവ് ഓഫീസർമാരായ വി. പ്രജിത്ത്, ചന്ദ്രൻ കുഴിച്ചാലിൽ, സിവിൽ എക്‌സൈസ് ഓഫീസർ സി.കെ. ശ്രീജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.