
മഞ്ചേരി: രണ്ടു മക്കളെ ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മയെ നാലുവർഷത്തിന് ശേഷം കണ്ണൂരിൽ കണ്ടെത്തി. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശിയായ മിനിമോളെയാണ് (35) കണ്ടെത്തിയത്.
2016 മാർച്ച് 30നാണ് ഇവരെ കാണാതാവുന്നത്. അന്നേദിവസം തന്നെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി സുബീഷിനെയും (40) കാണാതായിരുന്നു. നിരവധി കേസുകളിലെ പ്രതിയായിരുന്നു സുബീഷ്. ഇരുവരും മൊബൈൽ ഫോൺ ഉപയോഗിക്കാഞ്ഞതിനാൽ പൊലീസിന് യാതൊരു വിവരവും ഇല്ലായിരുന്നു. ഇരുവർക്കും കുഞ്ഞ് പിറന്നിട്ടുണ്ടാകുമെന്ന നിഗമനത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പ്രോഗ്രാം ഓഫീസർമാരുടെ സഹായത്തോടെ ഇവരുടെ അഡ്രസ് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. കണ്ണൂരിൽ നിന്നും മിനിമോളുടെ വിലാസത്തിൽ കുഞ്ഞിന് സർട്ടിഫിക്കറ്റ് നൽകിയെന്ന് കണ്ടെത്തി. 2017ലാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. സർട്ടിഫിക്കറ്റിൽ നിന്നും ഇവരുടെ മേൽവിലാസം കണ്ടെത്തിയ പൊലീസ് കണ്ണൂർ എ.കെ.ജി റോഡിലെ വാടക ക്വാർട്ടേഴ്സിലെത്തി. എന്നാൽ ഇവർ താമസം മാറിയിരുന്നു. പിന്നീട് ചിറയ്ക്കലിൽ നിന്നാണ് ഇവരെ പിടികൂടിയത്. മിനിമോളെ കോടതിയിൽ ഹാജരാക്കി. സുബീഷിനെ പാണ്ടിക്കാട് സ്റ്റേഷനിലെ ബലാത്സംഗ കേസിൽ റിമാൻഡ് ചെയ്തു. സി.ഐ സി.അലവി, എസ്.ഐ നസ്റുദ്ദീൻ നാനാക്കൽ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.ഹരിലാൽ, എം.പി. ജയരാജ്, സിയാവുൽ ഹഖ് എന്നിവരാണ് കേസ് അന്വേഷിച്ചത്.