
താനൂർ: തൃശൂർ റേഞ്ച് ഐ.ജിയുടെ പ്രത്യേക നിർദ്ദേശപ്രകാരം 'ഓപ്പറേഷൻ റേഞ്ചർ' എന്ന് പേരിട്ടിട്ടുള്ള റെയ്ഡ് താനൂരിലും തുടരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതിയെ അറസ്റ്റ് ചെയ്തു. കോളിക്കാനകത്ത് ഇസ്ഹാക്കിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം തട്ടിയ കേസിലും താനൂരിൽ ഒരു കുടുംബത്തെ ആക്രമിച്ച കേസിലും അടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇസ്ഹാഖ്.
ഇയാൾക്കെതിരെ താനൂർ പൊലീസ് സ്റ്റേഷനിൽ ഏഴു കേസുകളും വേങ്ങര, നിലമ്പൂർ, കാടാമ്പുഴ ,കൊണ്ടോട്ടി, കോഴിക്കോട് എന്നിവിടങ്ങളിൽ വിവിധ കേസുകളുംനിലനിൽക്കുന്നുണ്ട്.
താനൂർ മൂലക്കലിലെ ഹോട്ടലിലുണ്ടായ തർക്കത്തിൽ കുടുംബത്തെ ആക്രമിച്ച് ഒളിവിലായിരുന്നു. കോട്ടക്കലിൽ കോടികളുടെ കുഴൽപ്പണം തട്ടിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തീരദേശത്ത് നിറുത്തിയിട്ട ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നും ആയുധം കണ്ടെത്തിയെന്ന കേസും ഇയാൾക്കെതിരെയുണ്ട്.
ക്വട്ടേഷൻ സംഘം, കുഴൽപ്പണം തട്ടൽ, ഭീഷണി, കൂലിത്തല്ല് തുടങ്ങിയവയുമായി നടക്കുന്നയാളാണ് പ്രതി ഇസ്ഹാഖെന്നും അന്വേഷണം തുടരുമെന്നും താനൂർ സിഐ പി പ്രമോദ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.