
കോട്ടയ്ക്കൽ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ ഇടിച്ചു വീഴ്ത്തിയശേഷം രക്ഷിക്കാൻ ശ്രമിക്കാതെ അവർക്കു നേരെ കൈവീശി കാണിച്ച് കാർ യാത്രികൻ കടന്നുകളഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് നാലിന് പുത്തൂർ പുതിയ പാലത്തിൽ വച്ചായിരുന്നു അപകടം .
പുത്തൂർ ജംഗ്ഷനിലേക്കു മത്സ്യം വാങ്ങാൻ പോവുകയായിരുന്ന ചങ്കുവെട്ടിക്കുണ്ട് സ്വദേശികളായ യുവാവും സഹോദരിയും സഞ്ചരിച്ച സ്കൂട്ടർ പിറകിൽ നിന്നും അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്കു വീണ ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കാതെ ഇവർക്കു നേരെ കൈ ഉയർത്തി കാണിച്ച് കാർ യാത്രികൻ മുങ്ങി. കൈ, കാൽ മുട്ടുകൾക്കു പരിക്കേറ്റ ഇരുവരും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബന്ധുക്കൾ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകി.