
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം താഷ്കന്റിൽ രൂപീകൃതമായതിന്റെ നൂറാം വാർഷികാഘോഷത്തിലാണ് സി.പി.എം. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്കന്റിൽ (ഇന്ന് ഉസ്ബക്കിസ്ഥാനിൽ) 1920 ഒക്ടോബർ 17നു ചേർന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വിപ്ലവനേതാക്കളായ എം.എൻ. റോയിയും അബനി മുഖർജിയും ഹസ്രത് അഹമ്മദ് ഷഫീകും ചേർന്ന് രൂപം നൽകിയതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
എന്നാൽ അതിനു ശേഷം, 1925 ഡിസംബറിൽ കാൺപൂരിൽ ഔപചാരികമായി സമ്മേളനം ചേർന്നാണ് രാജ്യത്തെ ആദ്യ പാർട്ടി ഘടകം പ്രഖ്യാപിച്ചതെന്നു വാദിക്കുന്ന സി.പി.ഐ, അതുകൊണ്ടുതന്നെ അഞ്ചു വർഷം കൂടി കഴിഞ്ഞേ നൂറാം വാർഷികം കൊണ്ടാടാനാകൂ എന്ന പക്ഷക്കാരാണ്. അങ്ങനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികവും സൈദ്ധാന്തിക തർക്കവിഷയമായി മാറുകയാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്ത്യരാജ്യങ്ങളിൽ ഉയർന്നുവന്ന വിപ്ലവമുന്നേറ്റങ്ങൾക്ക് സംഘടിതരൂപം നൽകാൻ സോവിയറ്റ് യൂണിയൻ നേതാക്കൾ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് സർവകലാശാലയിൽ നിന്ന് പരിശീലനം നേടിയവർ ഇന്ത്യയിലെത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ സഹായിച്ചു. അതിന് കേന്ദ്രീകൃത നേതൃത്വം വേണമെന്ന തിരിച്ചറിവോടെയാണ് നേതാക്കൾ താഷ്കന്റിൽ സമ്മേളിച്ചതും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതും. അടുത്ത വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിതരണം നടത്തിയ നേതാക്കൾ പൂർണ്ണസ്വരാജിനായി പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യമെന്നത് അടിമത്തത്തിൽ നിന്നുള്ള മോചനം മാത്രമല്ല, സാമ്പത്തിക- സാമൂഹിക സ്വാതന്ത്ര്യം കൂടിയാണെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വാദം. അതിനു ശേഷവും മുംബയിലും കൊൽക്കത്തയിലും മറ്റും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സജീവമായിരുന്നു.
കേരളത്തിൽ
1930 കളിലാണ് കേരളത്തിൽ പാർട്ടിഗ്രൂപ്പുകൾ സജീവമാകുന്നത്. എൻ.സി. ശേഖറും പൊന്നറ ശ്രീധറും എൻ.പി. കുരിക്കളും ചേർന്ന് 1931ൽ ഉണ്ടാക്കിയ കമ്മ്യൂണിസ്റ്റ് ലീഗിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായി ഇ.എം.എസ് അംഗീകരിക്കാതിരുന്നത് ശേഖറും ഇ.എം.എസും തമ്മിലെ ശീതയുദ്ധത്തിന് വഴിവച്ചത് ചരിത്രം. 1937ൽ പിണറായിയിലെ പാറപ്രത്ത് പി. കൃഷ്ണപിള്ളയും എൻ.സി.ശേഖറും ഇ.എം.എസും കെ. ദാമോദരനുമൊക്കെ ചേർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റുകളായിരുന്നു ഇവരെല്ലാം. 1940 ജനുവരി 26ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ
പാർലമെന്ററി സംവിധാനത്തിലൂടെയുള്ള ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ 1957 ഏപ്രിൽ 5ന് വന്നു. രാജ്യത്ത് കമ്മ്യൂണിസ്റ്റ്പാർട്ടിക്ക് വേരോട്ടം ശക്തമായിരുന്ന ആന്ധ്രയിൽ പ്രതീക്ഷിച്ചിരുന്നതാണ് കേരളത്തിൽ സംഭവിച്ചത്. . ഇ.എം.എസ് സർക്കാരിന്റെ വിദ്യാഭ്യാസ, കാർഷിക ബില്ലുകൾ വിപ്ലവകരമായി. വിമോചനസമരത്തിലൂടെ ആദ്യസർക്കാരിന് രണ്ട് വർഷത്തിനകം അന്ത്യം. ഭരണഘടനയുടെ 365ാം വകുപ്പിന്റെ ദുരുപയോഗം ഇന്ത്യയിലാദ്യമായി സംഭവിച്ചതും ഈ സർക്കാരിനെതിരെ.
പിളർപ്പിനു ശേഷം രൂപമെടുത്ത സി.പി.എമ്മിൽ പ്രത്യയശാസ്ത്ര തർക്കങ്ങൾ നിരന്തരം ഉൾപാർട്ടി പോരിന് വളംവച്ചു. 70ലെ അച്യുതമേനോൻ സർക്കാരിന്റെയും 82ലെ കരുണാകരൻ മന്ത്രിസഭയുടെയും രൂപത്തിലുണ്ടായ മാർക്സിസ്റ്റ് വിരുദ്ധ മുന്നണിയെ തകർക്കാൻ കേരള കോൺഗ്രസിനെയും മുസ്ലിംലീഗിനെയും കൂടെ കൂട്ടണമെന്ന വാദഗതികൾ എം.വി.രാഘവനും മറ്റുമുയർത്തി. സവർണ ക്രിസ്ത്യൻ ലോബിയെയും സമ്പന്ന മുസ്ലിം ലോബിയെയും പറ്റില്ലെന്നായിരുന്നു ഇ.എം.എസിന്റെ നിലപാട്. എം.വി.രാഘവന്റെ ബദൽരേഖ പൊളിയുന്നതും അദ്ദേഹം പാർട്ടിക്ക് പുറത്തായതും ചരിത്രം. വി.എസ്- പിണറായി ചേരിപ്പോര് ശക്തമായത് 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തെ വിവാദത്തിലാഴ്ത്തി. ഇന്നിപ്പോൾ വി.എസ് ചേരി നിശ്ശബ്ദം. പിണറായി വിജയന്റെ സമ്പൂർണ്ണമേൽക്കൈ.
തിരിഞ്ഞുനോക്കുമ്പോൾ
ആഗോളീകരണവും ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കൊവിഡ് മഹാമാരിയുമെല്ലാം തുറിച്ചുനോക്കുന്ന കാലത്ത്, രാജ്യത്ത് തീവ്രവലതുപക്ഷശക്തികളുടെ മേൽക്കോയ്മയാണ്. തൊഴിൽനിയമങ്ങൾ അട്ടിമറിക്കപ്പെടുന്നു. കർഷകപ്രക്ഷോഭം ശക്തിയാർജിക്കുന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരണകാലത്ത് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ പ്രസക്തമാകുന്ന കാലത്ത് പ്രസ്ഥാനത്തിന്റെ സ്ഥിതി പക്ഷേ അത്രയൊന്നും ആശാവഹമല്ല. ഉത്തരേന്ത്യൻ പോക്കറ്റുകളിൽ പാർട്ടി ശുഷ്കം. മുമ്പ് വേരോട്ടമുണ്ടായ ആന്ധ്രയിലും ശക്തമല്ല. സ്വകാര്യകുത്തകകളെ വരവേൽക്കാൻ നടത്തിയ പരിഷ്കരണനീക്കം ശക്തമായ തുരുത്തായിരുന്ന ബംഗാളിൽ പാർട്ടിയെ നാമാവശേഷമാക്കി. ശേഷിക്കുന്ന ശക്തികേന്ദ്രം കേരളം മാത്രം.
പിളർപ്പിന്റെ
ചരിത്രം
അറുപതുകളുടെ തുടക്കത്തിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായഭിന്നതയുടെ പ്രതിഫലനം സി.പി.ഐയിലുമുണ്ടായി. പാർട്ടിയിലുയർന്നുവന്ന റിവിഷനിസ്റ്റ് പ്രവണതകൾക്കെതിരായ എതിർപ്പ് പിളർപ്പിലേക്കെത്തി. 1956 ഏപ്രിൽ 19 മുതൽ 29വരെ പാലക്കാട് ചേർന്ന നാലാം പാർട്ടി കോൺഗ്രസിൽ വിഭാഗീയത പ്രത്യക്ഷത്തിലായി. കൽക്കട്ട തിസീസിനു ശേഷമുണ്ടായ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷ ഐക്യത്തിനെതിരെ നിന്നവരുടെ ബദൽ പ്രമേയം പരാജയപ്പെട്ടു. കെ.ദാമോദരനും എൻ.ഇ.ബലറാമും ടി.സി.നാരായണൻ നമ്പ്യാരും പി.ആർ.നമ്പ്യാരും മലബാർ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു.
1961ലെ വിജയവാഡ കോൺഗ്രസിൽ പാർട്ടി പിളർപ്പിന്റെ വക്കിലായി. ഏകീകരിച്ച രാഷ്ട്രീയ പ്രമേയം സാധിച്ചില്ല. 1964 ഏപ്രിൽ 11ന്റെ പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ നിന്നിറങ്ങിപ്പോയ 32പേർ ആന്ധ്രയിലെ തെനാലിയിൽ കൺവെൻഷൻ ചേരുകയും കൽക്കട്ടയിൽ ഏഴാം പാർട്ടി കോൺഗ്രസ് ചേരുകയും ചെയ്തു. മുംബയിൽ നിന്ന് എസ്.എ. ഡാങ്കെ വിഭാഗവും ചേർന്നു. കൽക്കട്ട കോൺഗ്രസ് ജനകീയ ജനാധിപത്യ വിപ്ലവവും മുംബയ് കോൺഗ്രസ് ദേശീയ ജനാധിപത്യ വിപ്ലവവും അംഗീകരിച്ചു. യഥാക്രമം സി.പി.എമ്മും സി.പി.ഐയുമായി.
67ൽ നക്സൽബാരി മുന്നേറ്റമുണ്ടായി. സി.പി.എമ്മിനകത്തെ തീവ്രചിന്താഗതിക്കാർ പാർലമെന്ററി ആശയത്തെ ചോദ്യം ചെയ്തു. 68ൽ ബർദമാനിൽ പ്ലീനം ചേർന്ന് അഖിലേന്ത്യാ കോഓർഡിനേഷൻ കമ്മിറ്റി ഒഫ് കമ്മ്യൂണിസ്റ്റ് റവല്യുഷണറീസ് രൂപമെടുത്തു. ചാരു മജുംദാറും കനു സന്യാലുമൊക്കെയായിരുന്നു നേതൃത്വം. ആന്ധ്രയിലും സമാനനീക്കമുണ്ടായി.