water

ആറ്റിങ്ങൽ: തോന്നയ്ക്കലിൽ പരിസ്ഥിതി - ഖനന നിയമങ്ങൾ കാറ്റിൽപ്പറത്തി കളിമൺ ഖനനം നടക്കുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു. ശേഖരിക്കുന്ന കളിമണ്ണ് വിവിധ ആവശ്യങ്ങൾക്കായി രാസവസ്തുക്കൾ ചേർത്ത് സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന മാരക വിഷാംശമുള്ള പദാർത്ഥങ്ങൾ ഒഴുക്കിവിടുന്നതിനാൽ ഈ പ്രദേശങ്ങളിലെ കിണറുകളും മറ്റ് ജല സ്രോതസുകളും മലിനമാകുന്ന സ്ഥിതിയാണ്. കളിമൺ സംസ്കരണ ഫാക്ടറികളിൽ നിന്നും പുറത്തുവരുന്ന പൊടിപടലം കാരണം ഇവിടെയുള്ളവർക്ക് മാരക രോഗങ്ങൾ പിടിപെടുകയാണ്. ആസ്മയും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളാലും പ്രദേശവാസികൾ വലയുകയാണ്. കൊവിഡിന്റെ സാഹചര്യത്തിൽ പ്രദേശത്തെ ശ്വാസകോശ രോഗികൾ ഭയപ്പാടിലാണ്. നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷയും ഏർപ്പെടുത്താതെയാണ് ഇവിടെ ഖനനം നടക്കുന്നത്. എതിർക്കുന്നവരെ സ്വാധീനിച്ച് കാര്യങ്ങൾ നടത്തിയെടുക്കുന്നതായും ആരോപണമുണ്ട്. ജനകീയ സമരത്തിലൂടെ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി നേടിയെങ്കിലും ജീവനക്കാർ പട്ടിണിയിലാണെന്നു പറഞ്ഞ് സർക്കാരിനെ സ്വാധീനിച്ച് കമ്പനികൾ വീണ്ടും തുറക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.

 പ്രദേശവാസികൾക്ക് ആസ്തമയും ശ്വാസകോശ രോഗങ്ങളും
 ഖനനം സുരക്ഷാ സംവിധാനങ്ങളില്ലാതെ

നിയമവും നോക്കുക്കുത്തി
ഖനന മേഖലയിൽ നിന്ന് മേൽമണ്ണ് പുറത്തേക്ക് കൊണ്ടു പോകരുതെന്നും ഖനനം കഴിഞ്ഞാൽ കുഴികൾ മണ്ണിട്ട് മൂടി പഴയതുപോലെ ആക്കണമെന്നുമാണ് നിയമം. എന്നാൽ ഇവിടെ മേൽമണ്ണ് കടത്തി വിൽക്കുകയാണ്. വെള്ളം കാണുന്നതുവരെ മാത്രമേ ഖനനം നടത്താവൂ എന്നാണ് വ്യവസ്ഥയിൽ പറയുന്നത്. എന്നാൽ ഇവിടെ വെള്ളം പമ്പ് ഉപയോഗിച്ച് വറ്റിച്ച് ഖനനം നടത്തിയിരിക്കുന്നതിനാൽ വലിയ ആഴവും വിസ്താരവുമുള്ള കുളങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇവ മൂടി പഴയപടിയാക്കാതെ മറ്റിടങ്ങളിലേക്ക് ഖനനം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.

-

നിരവധി പേരാണ് ഖനന കുഴികളിലെ വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. ഈ പ്രദേശത്ത് കിണറുകളിൽ ആഴം കൂടുതലാണ്. നല്ല മഴയത്ത് പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. കോടതി വിധി നടപ്പാക്കുന്നതിന് പകരം അത് വളച്ചൊടിച്ച് വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുകയാണിവിടെ. ബന്ധപ്പെട്ട അധികാരികൾ പോലും കമ്പനികൾക്ക് ഓത്താശ ചെയ്യുകയാണ്.

(ആക്ഷൻ കൗൺസിൽ ഭാരവാഹികൾ)