pic1

നാഗർകോവിൽ: നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്ക്ക് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ഛ് കളിയിക്കാവിളയിൽ ആചാര പ്രകാരം കേരള സർക്കാർ പ്രതിനിധികൾ സ്വീകരണം നൽകി. ദേവസ്വം ബോർഡ് കമ്മിഷണർ തിരുമേനി ഐ.എ.എസ്, അസിസ്റ്റന്റ് കമ്മിഷണർ ഉഷ, ഡെപ്യൂട്ടി കമ്മിഷണർ മധുസൂദനൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബുധനാഴ്ച്ച രാവിലെ പത്മനാഭപുരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഉച്ചയ്ക്ക് ഒരുമണിയോടെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ എത്തി. ഇന്ന് രാവിലെ കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം രാവിലെ അഞ്ചു മണിക്ക് തിരിച്ച ഘോഷയാത്ര എട്ട് മണിയോടെയാണ് കളിയിക്കാവിളയിലെത്തിയത്. പടന്താൽമൂട് ചെക്‌പോസ്റ്റിൽ വിഗ്രഹങ്ങൾ രണ്ട് മണിക്കൂറിൽ ഏറെ നേരം റോഡിനരികിൽ ഇറക്കി വച്ചിരുന്നത് ഭക്തരുടെ ഇടയിൽ പ്രതിഷേധത്തിന് ഇടയാക്കി. തമിഴ്നാട് ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണി, കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ബദ്രി നാരായണൻ,തക്കല ഡി. എസ്. പി രാമചന്ദ്രൻ, ദേവസ്വം വകുപ്പ് ജീവനക്കാർ എന്നിവർ ഘോഷയാത്രയെ അനുഗമിച്ചിരുന്നു.

അതിർത്തിയിൽ നവരാത്രി വിഗ്രഹങ്ങൾക്ക് തമിഴ്നാട്-കേരള പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി. ആചാരപരമായ വരവേൽപ്പിന് ശേഷം വിഗ്രഹങ്ങൾ നെയ്യാറ്റിൻക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചു. നാളെ രാവിലെ തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കും.

ജനപ്രതിനികൾ വന്നില്ല

കേരള തമിഴ്‍നാട് സർക്കാർ സംയുക്തമായി നടത്തിവരുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ അതിർത്തിയിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഇരു സംസ്ഥാന ജനപ്രതിനിധികളും വിട്ടുനിന്നു.