
കൊയിലാണ്ടി: കോഴി വളർത്തലിനെ പോലെ വീടുകളിൽ താറാവു കൃഷിയ്ക്കും പ്രചാരമേറുന്നു. സംസ്ഥാന സർക്കാർ മൃഗ സംരക്ഷണ വകുപ്പു വഴി നൽകുന്ന പ്രോത്സാഹനമാണ് നേട്ടത്തിന് പിന്നിൽ. മൃഗാശുപത്രികൾ വഴി 10 വീതം താറാവുകളെ നൽകുന്ന പദ്ധതിയാണ് നടപ്പാക്കിയത്. ക്യാംബെല്ലകൾ, ഇന്ത്യൻ റണ്ണർ, കുട്ടനാടൻ ഇനങ്ങളാണ് സംസ്ഥാനത്ത് പ്രധാനമായും വളർത്തുന്നത്.
കുട്ടനാടൻ താറാവിനാണ് പ്രിയം ഏറെ. കേരളത്തിന്റെ സ്വന്തം ഇനമാണിത്. ചാര, ചെമ്പല്ലി എന്നീ ഇനങ്ങളിൽ പെട്ടവയാണ് ഇവ. മങ്ങിയ തവിട്ടിൽ ഇടക്കിടെ കറുത്ത തൂവലോടു കൂടിയവയാണ് ചാര, മങ്ങിയ തവിട്ടു നിറത്തിൽ കറുപ്പ് തീരെയില്ലാത്തതാണ് ചെമ്പല്ലി. 250 മുതൽ 300 വരെ മുട്ടകൾ കുട്ടനാടൻ താറാവുകളിൽ നിന്ന് വർഷം ലഭിക്കും. താറാവു മുട്ടകളുടെ പോഷക ഗുണം ആളുകൾ മനസിലാക്കി തുടങ്ങിയതോടെ മുട്ടയുടെ ആവശ്യവും വർധിച്ചു. പ്രോട്ടീൻ സമൃദ്ധമാണ് താറാവു മുട്ടകൾ.
ഒരു മുട്ടക്ക് 15 രൂപ വരെ വിലയുണ്ട്. താറാവുകൾ നല്ല അനുസരണ ശീലവും അടക്കവും ഉള്ളവയാണ്. കൂട്ടമായാണ് ജീവിതം. വ്യാവസായിക അടിസ്ഥാനത്തിൽ താറാവുകളെ വളർത്തുന്നത് കുറഞ്ഞു വരുമ്പോഴാണ് വീട്ടുമുറ്റങ്ങളിൽ താറാവുകളെ വളർത്തുന്നത് വർദ്ധിക്കുന്നത്.
ചുരുങ്ങി വരുന്ന നെൽവയലുകളും നീർത്തടങ്ങളും വ്യാവസായികമായി താറാവു വളർത്തലിന് പ്രതിബന്ധമാകുന്നുണ്ട്. കേരളത്തിൽ താറാവു മുട്ടകൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും അതിന് അനുസരിച്ചുള്ള ഉത്പാദനം ഇവിടെയില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിന് ആവശ്യമുള്ള മുട്ടകൾ ഭൂരിഭാഗവും എത്തുന്നത്. ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ് താറാവു മുട്ട. ഹൃദ്രോഗത്തിനെതിരെ പ്രവർത്തിക്കാൻ കഴിവുള്ള അരാക്കി ടോണിത്. അമ്ലവും ഒമേഗ 3 കൊഴുപ്പും താറാവു മുട്ടയിലുണ്ട്. അർശസ് രോഗ ചികിത്സക്കും താറാവു മുട്ട ഉപയോഗിക്കുന്നു. താറാവുകൾക്ക് പ്രതിരോധശേഷി കൂടുതലായതിനാൽ ഇവയ്ക്ക് രോഗബാധ കുറവാണ്.