
വടകര: കൊവിഡ് വൈറസ് ആളുകളെ അകത്തിരുത്തിയപ്പോൾ അങ്ങാടികൾ നായ്ക്കൾ കൈയ്യടക്കി. കൂട്ടം കൂട്ടമായാണ് തെരുവുകളിൽ ഇവയുടെ വിഹാരം. പരിചയക്കാരോട് ഇണങ്ങിയും പുതുതായി ടൗണിലെത്തുന്നവരോട് കലഹിച്ചുമാണ് ഇവയുടെ പെരുമാറ്റം. നൂറിലേറെ നായ്ക്കളെ മുട്ടി അങ്ങാടികളിൽ നടക്കാൻ വയ്യാതായിട്ടുണ്ട്.
നിർമ്മാണത്തിലുള്ള കെട്ടിടങ്ങളിലാണ് ഇവയുടെ വിശ്രമകേന്ദ്രം. മുമ്പ് ഇവയെല്ലാം പകൽ വിജനമായ പറമ്പുകളിലും ആളില്ലാത്ത കെട്ടിടങ്ങളിലുമായി ഒതുങ്ങുകയായിരുന്നു. അങ്ങാടികളിൽ കേന്ദ്രീകരിച്ചതോടെ പ്രശ്നം രൂക്ഷമായി.
സമീപത്തെ വീടുകളിലെ കോഴികൾക്കും ആടുമാടുകൾക്കും ഇവ ഭീഷണിയാകുന്നുണ്ട്. കുട്ടികൾക്കും ഭീഷണിയാണ്. വടകരയിലെ ടൗൺ മാർക്കറ്റ്, കോടതി, ജെ.ടി റോഡ് എന്നീ പ്രദേശങ്ങൾ പൂർണമായും നായകൾ കയ്യടക്കി. രാപ്പകൽ വ്യത്യാസമില്ലാതെയാണ് നായയുടെ വിളയാട്ടം. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ പിന്നാലെ നായ്ക്കൂട്ടം പിന്തുടരുന്നതിനാൽ യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്. അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ മത്സ്യം, മാംസം ബേക്കറി സാധനങ്ങൾ മുതലായവ വാങ്ങി ഇരുചക്രവാഹനത്തിൽ വച്ച് കണ്ണ് തെറ്റുമ്പോഴേക്കും ഇവ നായ കൊണ്ട് പോകും. വന്ധ്യംകരണം നടത്തി ഇവയെ നിയന്ത്രിക്കണമെന്നാണ് ആവശ്യം.