
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ മിക്ക റോഡുകളുടേയും ഇരുവശങ്ങളിലും പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കുന്നുകൂടിയിട്ടും പഞ്ചായത്ത് അധികൃതർ ആലസ്യത്തിൽ. അടുത്തിടെ പഞ്ചായത്തിൽ ഹരിതകർമ്മസേനയ്ക്ക് രൂപംനൽകിയിട്ടും ഇതിന്റെ പ്രയോജനവും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടയ്ക്കാവൂർ റെയിൽവേ ഓവർ ബ്രിഡ്ജ്, തോടുപാലം, മീരാൻ കടവ് പാലം, ആയ്ക്കുടി ക്ഷേത്രത്തിന് സമീപം, റെയിൽവേ സ്റ്റേഷന് പിറകുവശം, ഗ്യാസ് ഏജൻസിക്ക് സമീപം, മാച്ചത്ത് മുക്ക്- കെ.എസ്.ഇ.ബി റോഡ് എന്നിവിടങ്ങളിലാണ് സ്ഥിതി ഏറെ ഗുരുതരം. മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാൻ സാധിക്കില്ല.
ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് ജലോത്സവം നടക്കുന്ന മീരാൻകടവിൽ അറവ് മാലിന്യങ്ങൾ ചാക്കിൽ കെട്ടിതള്ളുന്നത് പതിവാണ്. ഇവ അഴുകി കടുത്ത ദുർഗന്ധമാണ് ഉയരുന്നത്. ഇവയിൽ നിന്ന് ആഹാരം തേടിയെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യവും ജനങ്ങളെ വലയ്ക്കുന്നു. മീരാൻകടവ് പഴയ പാലത്തിൽ വാഹന ഗതാഗതം ഇല്ലാത്തതിനാൽ ഇവിടെയാണ് കൂടുതലായി മാലിന്യം നിക്ഷേപിക്കപ്പെടുന്നത്. കടയ്ക്കാവൂർ ഗ്യാസ് ഏജൻസിയുടെ സമീപത്തുള്ള കുളവും മാലിന്യ നിക്ഷേപ കേന്ദ്രമാണ്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് പുറകുവശമുളള ഒരു തണ്ണീർതടം മുഴുവൻ മാലിന്യത്താൽ മൂടപ്പെട്ടു. ജനങ്ങൾ പരാതി പറഞ്ഞ് മടുത്തിട്ടും നടപടികൾ മാത്രം ഇനിയും അകലെയാണ്.
പകർച്ചവ്യാധി ഭീഷണി ഏറുന്നു
ശുദ്ധജല സ്രോതസുകൾ മലിനമായിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടി സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. റെയിൽവേസ്റ്റേഷന് പിറകുവശത്തെ റോഡിൽ അറവുമാലിന്യങ്ങൾ തള്ളുന്നത് തടയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സി.സി ടിവി കാമറ സ്ഥാപിച്ചിരുന്നു. ഇത് ഒരു പരിധിവരെ ഫലം കണ്ടെങ്കിലും
റെയിൽവേസ്റ്റേഷന് മുൻവശത്തെ സബ് ട്രഷറി റോഡിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പടെ നിക്ഷേപിക്കുന്നുണ്ട്. കൊവിഡ് കാലത്തും ഇത് നിർബാധം തുടരുന്നതിനാൽ പകർച്ചവ്യാദികൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ
ഇൻസിനേറ്ററും കേടായി
സമീപപ്രദേശത്തെ പഞ്ചായത്തുകളിൽ നിന്ന് വ്യത്യസ്തമായി പ്ളാസ്റ്റിക് സംസ്കരിക്കുന്നതിനുള്ള ഇൻസിനേറ്റർ സ്വന്തമായുള്ള പഞ്ചായത്താണ് കടയ്ക്കാവൂർ. നാല് വർഷത്തിലേറെയായി ഇത് സ്വന്തമായിട്ട്. എന്നാൽ പ്രവർത്തനം ഇല്ലാത്തതിനാൽ ഇൻസിനേറ്ററും അടിക്കടി കേടാവുകയാണ്. മാലിന്യം കുമിഞ്ഞുകൂടി സാംക്രമിക രോഗങ്ങൾ പരക്കുന്നതിനു മുൻപ് അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നാതാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് ഹരിത കർമ്മസേന പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ച് പാെതുജനങ്ങളെ ബോധവത്കരിക്കണം. മാലിന്യം സംസ്കരിക്കാനുളള നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും വേണം. തണ്ണീർത്തടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കണം
അക്ഷയ കടയ്ക്കാവൂർ
മാലിന്യം പേറുന്നത്....
01. കടയ്ക്കാവൂർ റെയിൽവേ ഓവർ ബ്രിഡ്ജ്
02. തോടുപാലം
03. മീരാൻ കടവ് പാലം
04. ആയ്ക്കുടി ക്ഷേത്രത്തിന് സമീപം
05. റെയിൽവേസ്റ്റേഷന് പിറകുവശം
06. ഗ്യാസ് ഏജൻസിക്ക് സമീപം
07. മാച്ചത്ത് മുക്ക്- കെ.എസ്.ഇ.ബി റോഡ്