
വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ കൊല്ലത്ത് സംസ്ഥാന സർക്കാർ ആരംഭിച്ച പ്രഥമ ഓപ്പൺ സർവകലാശാലയുടെ ഭാവിയെച്ചൊല്ലി ആശങ്കയിലാണ് അക്കാഡമിക് സമൂഹവും വിദ്യാർത്ഥികളും. വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ, രജിസ്ട്രാർ നിയമനങ്ങളാണ് ഇതുവരെ നടത്തിയത്. സർവകലാശാലയുടെ പ്രവർത്തനം അപ്രസക്തമാകുന്ന തരത്തിൽ ഓർഡിനൻസിലെ പ്രധാന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തത് കഴിഞ്ഞദിവസമാണ്. മറ്റു സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളും ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റാനും കോഴ്സുകളെല്ലാം ഓപ്പൺ സർവകലാശാലയിൽ മാത്രമാക്കാനുമുള്ള ഓർഡിനൻസിലെ 51(2) വകുപ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഓപ്പൺ സർവകലാശാലയിൽ പുതുതായി അദ്ധ്യാപകരെ നിയമിക്കുകയോ പഠനകേന്ദ്രങ്ങൾ ആരംഭിക്കുകയോ ചെയ്യുന്നില്ല. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദൂര പഠനകേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ മേഖലാ കേന്ദ്രങ്ങളാക്കുമെന്നാണ് ഓർഡിനൻസിലുള്ളത്. അവിടുത്തെ അദ്ധ്യാപകരെ ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റും. ഓപ്പൺ സർവകലാശാലയിൽ കോഴ്സുകളും പാഠ്യപദ്ധതിയുമൊന്നും ഉടനടി തയ്യാറാക്കാനാവാത്തതിനാൽ വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനം തുടരാൻ അനുമതി നൽകാനൊരുങ്ങുകയാണ് സർക്കാർ. മറ്റ് സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് കോഴ്സുകൾ തുടർന്നാൽ ഓപ്പൺ സർവകലാശാലയുടെ പ്രസക്തി നഷ്ടമാവും.
മറ്റ് സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ഓപ്ഷനിലൂടെ ഓപ്പൺസർവകലാശാലയിലേക്ക് മാറാമായിരുന്നു. എല്ലായിടവും വിദൂരപഠനം തുടർന്നാൽ ഇതും നടക്കില്ല. അദ്ധ്യാപകരും പഠനസൗകര്യവും മേഖലാ കേന്ദ്രങ്ങളുമില്ലാതെ ഓപ്പൺസർവകലാശാലയ്ക്ക് അദ്ധ്യയനം തുടങ്ങാനാവില്ല. കോഴ്സുകളും പാഠ്യപദ്ധതിയും തയ്യാറാക്കാൻ പോലുമാവില്ല. വി.സി, പി.വി.സി, രജിസ്ട്രാർ തസ്തികകളിൽ മാത്രമാണ് ഇതുവരെ നിയമനം നടന്നിട്ടുള്ളത്. മറ്റ് സർവകലാശാലകൾക്ക് വിദൂരപഠനത്തിനുള്ള യു.ജി.സി അനുമതി പുതുക്കാൻ അപേക്ഷ നൽകാനും സർക്കാർ അനുമതി നൽകിയേക്കും. മറ്റ് സർവകലാശാലകളിൽ വിദൂര, പ്രൈവറ്റ് പഠനം തുടരുകയും അവിടത്തെ സൗകര്യങ്ങളും അദ്ധ്യാപകരെയും ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്താൽ ഓപ്പൺ സർവകലാശാല അപ്രസക്തമാവും.
നാക് ഗ്രേഡിംഗ് 3.25 സ്‌കോറിന് മുകളിലുള്ള എ-പ്ലസ് സർവകലാശാലകൾക്കേ വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്താനാവുമായിരുന്നുള്ളൂ. യോഗ്യതയില്ലാത്തതിനാൽ കേരളത്തിലെ സർവകലാശാലകൾക്ക് 2018 മുതൽ രണ്ടുവർഷത്തേക്ക് താത്കാലിക അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. ഓപ്പൺ സർവകലാശാലയ്ക്ക് ഈ വ്യവസ്ഥ ബാധകമല്ലാത്തതിനാലാണ് ഓപ്പൺ സർവകലാശാല തുടങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ 3.01സ്കോറോടെ എ ഗ്രേഡുള്ള സർവകലാശാലകൾക്ക് ഓപ്പൺ,വിദൂര കോഴ്സുകൾ നടത്താൻ യു.ജി.സി ഒരുവർഷത്തേക്ക് അനുമതി നൽകിയതോടെ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളെ കോഴ്സുകൾ നടത്താൻ അനുവദിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കേരളയ്ക്ക്-3.03, കാലിക്കറ്റിന്-3.13, എം.ജിക്ക്-3.24 എന്നിങ്ങനെ സ്കോറുള്ളതിനാൽ വിദൂരകോഴ്സുകൾ നടത്താനാവും.
തൊഴിൽ വിപ്ലവമെന്ന
ലക്ഷ്യം നേടണം
ഓപ്പൺ സർവകലാശാലയിൽ ആദ്യവർഷം ഒരുലക്ഷത്തോളം കുട്ടികൾക്ക് പഠനാവസരമുണ്ടാകുമെന്നും തൊഴിൽ നൈപുണ്യ, തൊഴിലധിഷ്‌ഠിത, റീ -സ്കിൽ കോഴ്സുകളും വിദേശഭാഷാ പഠനവും തുടങ്ങുന്നതോടെ കൂടുതൽ തൊഴിൽ സാദ്ധ്യതകളുണ്ടാവുമെന്നുമാണ് സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ ജോലിചെയ്യുന്നവർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ പകർന്നുനൽകാനുള്ള കോഴ്സുകൾ രൂപപ്പെടുത്തുകയാണ് ഉടനടി വേണ്ടത്. നിലവിൽ ജോലി ചെയ്യുന്നവർക്ക് പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന, അൽഗോരിതം ഡിസൈൻ, ഡേറ്റാ സയൻസ് തുടങ്ങിയ റീ -സ്‌കില്ലിംഗ് കോഴ്സുകൾ നേരത്തേ പ്രഖ്യാപിച്ചതുപോലെ ആരംഭിക്കാനാവണം. മെഡിക്കൽ കോഴ്സുകൾ റഗുലറായേ നടത്താനാവൂ എങ്കിലും, ഏറെ തൊഴിൽ സാദ്ധ്യതയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകൾ തുടങ്ങണം. എൻജിനിയറിംഗ് ബിരുദ കോഴ്സുകൾക്ക് എ.ഐ.സി.ടി.ഇയുടെ അനുമതി വേണം. എന്നാൽ ഡിപ്ലോമ കോഴ്സുകൾ ഓപ്പൺ സർവകലാശാലയ്ക്ക് നടത്താവുന്നതേയുള്ളൂ.
സംസ്ഥാനത്ത് നിലവിൽ ആർട്സ് വിഷയങ്ങൾക്ക് പുറമെ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് തുടങ്ങിയ സയൻസ് വിഷയങ്ങളിൽ മാത്രമാണ് വിദൂരപഠനമുള്ളത്. ഓപ്പൺ സർവകലാശാലയിലും ഈ കോഴ്സുകൾ തുടങ്ങണം. ലാബ് അടക്കമുള്ള സൗകര്യങ്ങൾ പങ്കിടാൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി ധാരണാപത്രം ഒപ്പിട്ട ശേഷം കൂടുതൽ സയൻസ് കോഴ്സുകൾ തുടങ്ങണം. വിദേശഭാഷകൾ അഭ്യസിക്കാൻ പ്രത്യേക കേന്ദ്രമുണ്ടാക്കണം. ഫ്രഞ്ച്, ജർമ്മൻ ജാപ്പനീസ്, ചൈനീസ്, അറബിക്, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഡിപ്ലോമാ കോഴ്സുകൾ തുടങ്ങണം. ഇതിനു പുറമേ ട്രാൻസലേഷൻ സ്റ്റഡീസ് (വിവർത്തനപഠനം) കേന്ദ്രവുമുണ്ടാവണം. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ഭാഷാപഠനം വഴിയൊരുക്കും.
അതിരൂക്ഷമായ തൊഴിലില്ലായ്‌മയ്ക്ക് പരിഹാരമെന്നോണം, വേഗത്തിൽ തൊഴിൽ ലഭിക്കാനുതകുന്ന കോഴ്സുകളാണ് തുടങ്ങേണ്ടത്. മറ്റ് സർവകലാശാലകളിലും കോളേജുകളിലും നിലവിൽ പഠിക്കുന്നവർക്ക് ചേരാനാവുന്ന സർട്ടിഫിക്കറ്ര്, ഡിപ്ലോമ കോഴ്സുകളും തുടങ്ങണം. പ്രായപരിധിയില്ലാതെ ആർക്കും പഠിക്കാനാവുമെന്നതും കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിറുത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നതും ഓപ്പൺ സർവകലാശാലയുടെ നേട്ടങ്ങളാണ്.
കടമ്പയായി യു.ജി.സി അംഗീകാരം
സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം നേടിയെടുക്കുകയെന്നത് വലിയ കടമ്പയാണ്. യു.ജി.സി അംഗീകാരം മൂന്നുവർഷത്തിനകം നേടിയെടുത്താൽ മതിയെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ അംഗീകാരമില്ലാത്ത കോഴ്സുകളിൽ പഠിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നതാണ്. കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത ഒന്നരലക്ഷത്തോളം കുട്ടികളാണ് എല്ലാവർഷവും വിദൂര,സ്വകാര്യപഠനം നടത്തുന്നത്. ഇവർക്ക് ഗുണനിലവാരമുള്ളതും മികച്ചതുമായ പഠനസൗകര്യം ഉറപ്പാക്കണം. കോഴ്സുകൾ തുടങ്ങാനും അംഗീകാരം നേടിയെടുക്കാനും കഠിന പരിശ്രമം വേണ്ടിവരും. യുജിസി അംഗീകാരം ലഭിച്ച സർവലാശാലകളുടെ ഓപ്പൺ, വിദൂര, റഗുലർ രീതിയിലുള്ള ബിരുദങ്ങൾ എല്ലാ സർവകലാശാലകളും 2017മുതൽ പരസ്പരം അംഗീകരിക്കണമെന്ന് യു.ജി.സി ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ യു.ജി.സി അംഗീകാരം നേടാനായാൽ ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾക്ക് എല്ലാ സർവകലാശാലകളുടെയും അംഗീകാരം ലഭിക്കും. സർക്കാർ നിർദ്ദേശിച്ചാൽ പി.എസ്.സിയും ബിരുദം അംഗീകരിക്കും. നിലവിൽ കേരളത്തിലെ വിദൂരകോഴ്സുകളുടെ ബിരുദം പി.എസ്.സി അംഗീകരിക്കുന്നുണ്ട്.