
കല്ലമ്പലം: നിർമ്മാണം നിലച്ച പ്രാദേശിക വികസന കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കരിമ്പുവിള ജംഗ്ഷനിൽ പ്രാദേശിക വികസന ലക്ഷ്യത്തോടെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനായി നിർമ്മിച്ച പണി പൂർത്തിയാകാത്ത ഇരുനിലക്കെട്ടിടമാണ് സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറിയിരിക്കുന്നത്. കാൽനൂറ്റാണ്ട് മുൻപ് റേഡിയോ കിയോസ്ക്കായി പ്രവർത്തിച്ച 2 സെന്റ് ഭൂമിയിലാണ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിൽ എം.എൽ.എയായിരുന്ന വർക്കല കഹാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് രണ്ടുനില കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. നവാഗതനായ കരാറുകാരനായിരുന്നു നിർമ്മാണ ചുമതല.
എന്നാൽ നിർമ്മാണത്തിലുണ്ടായ അപാകത ചൂണ്ടിക്കാട്ടി നിരവധി പരാതികൾ പഞ്ചായത്തിന് ലഭിച്ചതിനെത്തുടർന്ന് അധികൃതർ പരിശോധന നടത്തുകയും പണി നിറുത്തിവയ്പ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ ഭരണം മാറുകയും പുതുതായി വന്ന പഞ്ചായത്ത് ഭരണസമിതിയും എം.എൽ.എയും ഈ കെട്ടിടത്തെ അവഗണിക്കുകയും ചെയ്തു. വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാതിരുന്ന കെട്ടിടം ക്രമേണ സാമൂഹ്യവിരുദ്ധരുടെ താവളമായിമാറി. രാത്രിയിൽ മദ്യപാനവും മല മൂത്ര വിസർജ്ജനവും പതിവായതോടെ മുൻ വാതിലുകളും മറ്റും താത്കാലികമായി നാട്ടുകാർ അടച്ചുവച്ചു. കെട്ടിടത്തിന്റെ മുൻവശം പുല്ലുകൾ കിളിർത്ത് കാടു പിടിച്ചതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കെട്ടിടത്തിന്റെ അപാകതകൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കി വികസന ക്ഷേമ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നാവശ്യം ശക്തമാണ്.