|
നാഗർകോവിൽ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ മുന്നാേടിയായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നു അനന്തപുരിയിലേക്ക് ആരംഭിച്ച എഴുന്നെള്ളത്തിന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കളിയിക്കാവിളയിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ആചാരപ്രകാരം സ്വീകരണം നൽകി. മൂന്നു പല്ലക്കിലായി നാലുപേർവീതം ചുമലിലേന്തി സരസ്വതി, കുമാരസ്വാമി, മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളിക്കുന്നത്. ദേവസ്വം ബോർഡ് കമ്മിഷണർ തിരുമേനി, അസിസ്റ്റന്റ് കമ്മിഷണർ ഉഷ, ഡെപ്യൂട്ടി കമ്മിഷണർ മധുസൂദനൻ നായർ, തിരുവനന്തപുരം റൂറൽ എസ്. പി അശോക് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ബുധനാഴ്ച രാവിലെ പദ്മനാഭപുരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ വിശ്രമിച്ചശേഷം ഇന്നലെ രാവിലെ അഞ്ചു മണിക്ക് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. എട്ട് മണിയോടെയാണ് കളിയിക്കാവിളയിലെത്തിയത്.
അതിർത്തിയിൽ തമിഴ്നാട്-കേരള പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി. വരവേൽപ്പിന് ശേഷം ഉച്ചയ്ക്ക് മുൻപ് വിഗ്രഹ ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഇവിടെ ഇന്ന് വെളുപ്പിന് ആരംഭിക്കുന്ന ഘോഷയാത്ര ഉച്ചയോടെ കരമന ആവടി അമ്മൻ ക്ഷേത്രത്തിലെത്തും. അവിടെ ഇറക്കിപൂജയ്ക്കുശേഷം വൈകിട്ട് 4.30ന് കോട്ടയ്ക്കകത്തേക്ക് എഴുന്നെള്ളിക്കും.
കഴിഞ്ഞ ദിവസം രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തമിഴ്നാട് ദേവസ്വം ബോർഡ് അധികാരികൾക്ക് ഉടവാൾ കൈമാറിയതിനെ തുടർന്നാണ് പദ്മനാഭപുരത്ത് നിന്ന് കേരളത്തിലേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര പുറപ്പെട്ടത്.കൊവിഡ് പശ്ചാത്തലത്തിൽ ആന,സ്വീകരണങ്ങൾ, തട്ടപൂജകൾ,ചെണ്ടമേളം,ഉച്ചഭാഷിണി എന്നിവ ഒഴിവാക്കി
യിട്ടുണ്ട്.
നേരത്തെയെത്തി, പ്രതിഷേധം
കുഴിത്തുറയിൽ നിന്ന് രാവിലെ 5 മണിക്ക് തിരിച്ച ഘോഷയാത്ര അര മണിക്കൂറിനുള്ളിൽ പടന്താൽമൂട്ടിൽ എത്തിയതോടെ രണ്ടുമണിക്കൂറോളം വിഗ്രഹങ്ങൾ റോഡരികിലായി ചെക്‌പോസ്റ്റിൽ വയ്ക്കേണ്ടിവന്നു. ഇതു ഭക്തരുടെ പ്രതിഷേധത്തിന് ഇടയാക്കി.
രാവിലെ 8 മണിക്ക് കളിയിക്കാവിളയിൽ വിഗ്രഹം ഏറ്റുവാങ്ങുമെന്ന് കേരള സർക്കാർ അറിയിച്ചിരുന്നു. ഭക്തജനത്തിരക്ക് ഒഴിവാക്കാൻ നേരത്തേ പുറപ്പെടണമെന്ന് തമിഴ്നാട് ദേവസ്വം അധികൃതർ തീരുമാനിക്കുകയായിരുന്നു.ഇതോടെയാണ് നേരത്തേ എത്തി കാത്തിരിക്കേണ്ടി വന്നത്.
|