presm

ചിറയിൻകീഴ്: ജീവസുറ്റതും ചടുലവുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ ഗിന്നസ് ബുക്കിന്റെ താളിൽ കോർത്തിണക്കിയ നിത്യഹരിതനായകൻ പ്രേംനസീറിനായി ജന്മനാട്ടിൽ സ്മാരകമുയരുന്നു. ആരാധകരുടെയും ചിറയിൻകീഴ് നിവാസികളുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.

തങ്ങളുടെ നാടിനെ ലോക നെറുകയിലെത്തിച്ച നസീർ ഇന്നും ചിറയിൻകീഴുകാരുടെ സ്നേഹവികാരമാണ്. നസീർ മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജന്മനാട്ടിൽ അദ്ദേഹത്തിന് അർഹിക്കുന്ന സ്മാരകമൊരുക്കാൻ കഴിഞ്ഞിരുന്നില്ല. നസീറിന്റെ കൈയൊപ്പ് ചാർത്തിയ പല അടയാളങ്ങളും നാട്ടിലുണ്ടായിട്ടുണ്ട്. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ്, ശാർക്കര ക്ഷേത്രത്തിലെ ആന അങ്ങനെ പോകുന്നു ആ സംഭാവനകൾ. ഈ സ്നേഹത്തിന് ഒരു സ്മാരകത്തിലൂടെ തങ്ങളുടെ ആദരവ് പ്രകാശിപ്പിക്കുകയാണ് ചിറയിൻകീഴ്.

നസീർ കളിച്ചുവളർന്ന ശാർക്കര പറമ്പിന് സമീപം മലയാളം പള്ളിക്കൂടത്തിലാണ് സ്മാരകം ഉയരുന്നത്. ഇതിനായി 72 സെന്റ് വസ്തു പൊതുവിദ്യാഭ്യാസ വകുപ്പ് റവന്യൂവകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറി. സ്ഥലം എം.എൽ.എകൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപയും സർക്കാർ വിഹിതമായ 1.30 കോടിയും ചേർത്ത് 2.30 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉടൻ നടക്കുന്നത്. പദ്ധതിയുടെ നിർമാണ പ്രവർത്തനോദ്ഘാടനം 26ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 വരുന്നത് മികച്ച സ്മാരകം

1394 ചതുരശ്ര മീറ്ററിൽ മൂന്ന് നിലകളിലായാണ് സ്മാരകം നിർമ്മിക്കുന്നത്. പ്രേംനസീറിന്റെ മുഴുവൻ സിനിമകളുടെയും ശേഖരണം, ലൈബ്രറി, മിനി തിയേറ്റർ, താമസസൗകര്യം, ചലച്ചിത്ര പഠനത്തിനുള്ള സൗകര്യം മുതലായവ സ്മാരകത്തിലുണ്ടാകും. മണ്ണ് പരിശോധന അടക്കമുള്ളവ പൂ‌ർത്തിയാക്കിക്കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കും.

'പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം വേണമെന്നത് മലയാളികളുടെ ചിരകാല അഭിലാഷമാണ്. പ്രേംനസീർ സ്മൃതി സായാഹ്നം അനുസ്മരണ കമ്മിറ്റിയു‌‌ടെയും ചിറയിൻകീഴ് പൗരാവലിയുടെയും പരിശ്രമവും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ഇടപെടലും കാരണമാണ് ഇത് സാധിച്ചത്".

- ആർ. സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്