kovalam

കോവളം: കഴക്കൂട്ടം-കാരോട് ബൈപാസിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തിയെങ്കിലും കോവളത്തിനപ്പുറം സഞ്ചരിക്കണമെങ്കിൽ ഇനിയും അ‌ഞ്ചുമാസം കാത്തിരിക്കണം. നിർമ്മാണം പൂർത്തിയായെന്ന് പ്രഖ്യാപിച്ച കോവളം മുതൽ തലയ്‌ക്കോട് വരെയുള്ള മൂന്നര കിലോമീറ്ററോളം ഭാഗം അടഞ്ഞുകിടക്കുന്നതാണ് ഇതിന് കാരണം.

ഈ ഭാഗത്തെ സർവീസ് റോഡുകൾ പൂർത്തിയാകാത്തതും പോറോഡ് ഭാഗത്തുള്ള ബൈറോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനാകാത്തതുമാണ് ഗതാഗതത്തിന് വിലങ്ങുതടിയാകുന്നത്. ഇക്കാരണത്താൽ ഗതാഗതം നിയന്ത്രിക്കുന്നതിന് കോവളം ജംഗ്ഷന് സമീപം അധികൃതർ മെറ്രൽ കൂനകളും കോൺക്രീറ്റ് സ്ളാബുകളും ഉപയോഗിച്ച് റോഡ് ബ്ളോക്ക് ചെയ്തിട്ടുണ്ട്. തലയ്ക്കോട് ഭാഗത്തും കോൺക്രീറ്റ് പൈപ്പുകൾ ഉപയോഗിച്ച് ഗതാഗതത്തിന് തടസം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാന സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റുകളും അപകടസൂചനാ ബോർഡുകളുമില്ലാത്തതും മറ്റൊരു പോരായ്മയാണ്. പൂന്തുറ കുമരിച്ചന്ത കഴിഞ്ഞാൽ വാഴമുട്ടത്ത് മാത്രമാണ് സിഗ്നൽ ലൈറ്റുള്ളത്. ഏറെ തിരക്കുള്ളതും പ്രധാനപ്പെട്ട ആറ് റോഡുകൾ സംഗമിക്കുന്നതുമായ കോവളം ജംഗ്ഷനിൽ പോലും സിഗ്നൽ ലൈറ്റുകളില്ലാത്തത് യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുന്നുണ്ട്. ഇവിടത്തെ ഫുട് ഓവർബ്രിഡ്ജിന്റെ കാര്യത്തിലാകട്ടെ ഇനിയും നടപടിയായിട്ടില്ല. കുന്നുകൾ ഇടിച്ചും ചതുപ്പുകൾ നികത്തിയും ബൈപാസിനായി നാലുവരിപ്പാത നിർമ്മിച്ചപ്പോൾ ഇരുവശങ്ങളിലും നിർമ്മിച്ച ബൈറോഡുകൾ കുണ്ടുംകുഴിയുമായതും യാത്രക്കാരെ വലയ്ക്കുന്നു. നാലുവരിപ്പാതയ്ക്കായി പാലം നിർമ്മിച്ചപ്പോൾ മുറിഞ്ഞുപോയ ബൈ റോഡുകളെ അശാസ്ത്രീയമായ രീതിയിൽ സർവീസ് റോഡുമായി ബന്ധിപ്പിച്ചതും അപകടക്കെണിയാണ്.

 പൂർത്തിയായത് 26.7 കി.മീ

43 കിലോമീറ്റർ ദൈർഘ്യമുള്ള കഴക്കൂട്ടം-കാരോട് പദ്ധതിയുടെ ആദ്യഘട്ടമായ കഴക്കൂട്ടം മുതൽ മുക്കോല വരെയുളള 26.7 കിലോമീറ്റർ ദൂരമുള്ള പാതയുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. 2008ൽ തയ്യാറാക്കിയ പദ്ധതിക്ക് 2010ൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയെങ്കിലും 2015 ലാണ് നിർമ്മാണം ആരംഭിക്കാനായത്. മൂന്ന് പാലങ്ങളും അടിപ്പാതകളും അടങ്ങുന്നതാണ് പദ്ധതി. 1120.86 കോടി ചെലവിട്ടാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. കഴക്കൂട്ടം-മുക്കോല ബൈപാസ് റോഡിനും ചാക്ക മേൽപ്പാലത്തിനുമായി 800 കോടിയും ഇതുവരെ ചെലവിട്ടു.

 രണ്ടാംഘട്ടം അടുത്തവർഷം

രണ്ടാംഘട്ടമായ മുക്കോല മുതൽ കാരോട് വരെയുളള 16.5 കിലോമീറ്ററിലെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഏറെ ജനത്തിരക്കേറിയ തിരുവല്ലത്ത് ടോൾ പ്ലാസയുടെ നിർമ്മാണവും തുടങ്ങിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായ മേഖലകളിൽ അപകടം ഒഴിവാക്കാൻ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. രണ്ടാം ഘട്ടത്തിന്റെ 72 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.

സേലം- കന്യാകുമാരി എക്‌സ്‌പ്രസ് ഹൈവേയുമായും കന്യാകുമാരിയുമായും തലസ്ഥാനത്തെ ബന്ധിപ്പിക്കുന്നതാണ് കഴക്കൂട്ടം- കാരോട് ബൈപാസ്. ഇതിന്റെ പ്രയോജനം പൂർണമായി ലഭിക്കണമെങ്കിൽ തമിഴ്നാട് അതിർത്തിയും കടന്നുള്ള രണ്ടാം ഘട്ടവും മൂന്നാംഘട്ടവും പൂർത്തിയാകേണ്ടതുണ്ട്.

ആറു റോഡുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ കോവളത്തെ അപകട സാദ്ധ്യത മുൻനിറുത്തിയാണ് ബൈപാസ് അധികൃതരുമായി ആലോചിച്ച് റോഡ് അടച്ചത്. ഇവിടെ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. തലയ്‌ക്കോട് റോഡ് തുറന്നാൽ മാത്രമേ ഇതുവഴിയുള്ള യാത്രകൊണ്ട് പ്രയോജനം ലഭിക്കൂ

ദിവ്യ വി. ഗോപിനാഥ്, ഡി.സി.പി

ബൈപ്പാസ്:43 കിലോമീറ്റർ

പൂർത്തിയായത്: 26.7 കി.മീ

പദ്ധതി: 2008ൽ

ഭൂമിയേറ്റെടുത്തത്:2010ൽ

നിർമ്മാണം: 2015ൽ

ഒന്നാം ഘട്ടത്തിന്: 1120.86 കോടി