
തിരുവനന്തപുരം: കടൽക്ഷോഭം നേരിടുന്ന വീടുകളെ കാക്കുന്ന സംരക്ഷണ ഭിത്തിക്കായി നഗരസഭയും ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡും കൈകോർത്തു. ടൈറ്റാനിയത്തിലെ അവശിഷ്ടമായ റെഡ് ജിപ്സം ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തിയൊരുക്കുന്നത്. ടൈറ്റാനിയത്തിലെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത ബ്ലോക്കുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ വെട്ടുകാട് പള്ളിക്ക് സമീപം കടൽത്തീരത്ത് നിക്ഷേപിച്ചു.
റെഡ് ജിപ്സം 46 ശതമാനം, മണൽ 36 ശതമാനം, സിമന്റ് 18ശതമാനം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമ്മിച്ച ബ്ലോക്ക്, ചാക്കുകളിൽ നിറച്ച് കയർ ഫെഡിന്റെ ജിയോ ബാഗിലാക്കിയാണ് വീടുകൾക്ക് ചുറ്റും സ്ഥാപിക്കുന്നത്.
പരീക്ഷണം വിജയകരമായാൽ നഗരസഭാ പ്രദേശത്ത് കടൽക്ഷോഭംമൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾക്ക് ചുറ്റും ഈ ബ്ലോക്കുകൾ ഉപയോഗിച്ച് സംരക്ഷണഭിത്തിയൊരുക്കും. സംരക്ഷണഭിത്തി നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. ട്രാവൻകൂർ ടൈറ്റാനിയം ചെയർമാൻ അഡ്വ. എ.എ. റഷീദ്, എം.ഡി. ജോർജ്ജ് നൈനാൻ, കൗൺസിലർമാരായ വെട്ടുകാട് സോളമൻ, മേരി ലില്ലി, വെട്ടുകാട് പള്ളി വികാരി ഫാ. ഡോ. ജോർജ്ജ് ഗോമസ്, കണ്ണാന്തുറ പള്ളി വികാരി ജറാൾഡ് ദാസൻ തുടങ്ങിയവർ പങ്കെടുത്തു.