market

കിളിമാനൂർ: കാത്തിരിപ്പിനൊടുവിൽ പുതിയകാവ് പബ്ലിക് മാർക്കറ്റ് ഇനി ഹൈടെക്. പഴയകുന്നുമ്മൽ പഞ്ചായത്തിലെ പുതിയകാവിൽ പ്രവർത്തിക്കുന്ന മാർക്കറ്റാണ് ആധുനികവത്കരിക്കുന്നത്. സ്ഥലപരിമിതിയും മറ്റ് അസൗകര്യങ്ങളും കാരണം വ്യാപാരികളും മാർക്കറ്റിലെത്തുന്ന മറ്റുള്ളവരും ഏറെ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. മാർക്കറ്റിനകത്തെ കെട്ടിടങ്ങളെല്ലാം കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിലായിരുന്നു. ഇതിനെല്ലാമാണ് പരിഹാരമാകുന്നത്.

മലയോരമേഖലയിലെ പ്രധാന മാർക്കറ്റുകളിലൊന്നാണ് പുതിയകാവിലേത്. കാരേറ്റ്, കല്ലറ, തൊളിക്കുഴി, നഗരൂർ, പോങ്ങനാട്, വെള്ളല്ലൂർ, മടവൂർ തുടങ്ങി സ്ഥലങ്ങളിൽ നിന്നുള്ളവരെല്ലാം ആശ്രയിക്കുന്നത് ഈ മാർക്കറ്റിനെയാണ്. മുൻപ് നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ നടത്തിയിരുന്നെങ്കിലും ഇതെല്ലാം അശാസ്ത്രീയമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പുതിയ പദ്ധതി അനുസരിച്ച് മാർക്കറ്റിന്റെ മുഖം തന്നെ മാറും എന്നതിൽ സംശയമില്ല.

വികസനം ഇങ്ങനെ....

ആധുനിക വാണിജ്യ സമുച്ചയത്തിനായി 3 കോടി രൂപ

തുക അനുവദിച്ചത് കിഫ്ബിയിൽ നിന്ന്

പുതിയ സമുച്ചയം 8,400 സ്ക്വയർ ഫീറ്റിൽ

2,400 സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിൽ 19 സ്റ്റാളുകൾ

ഒപ്പം സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലെറ്റ് സൗകര്യം

6,000 സ്ക്വയർ ഫീറ്റിൽ 17 സ്റ്റാളുകൾ

ഇവിടം ചെറുകിട വ്യാപാരികൾക്കായി നൽകും

ഓഫീസ് റൂം, സെക്യൂരിറ്റി കാബിൻ എന്നിവയും

നിർമാണ ചുമതല തീരദേശ വികസന കോർപ്പറേഷന്

പദ്ധതി നടപ്പിലാക്കുന്നതോടെ മാർക്കറ്റിന്റെ മുഖച്ഛായ തന്നെ മാറും, മത്സ്യ, മാംസ, പച്ചക്കറി കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും കാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റുന്നതിന് ആധുനിക രീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

( ബി. സത്യൻ.എം.എൽ.എ )

മാർക്കറ്റ് നവീകരണം പഞ്ചായത്തിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. ഇതാണ് യാഥാർത്ഥ്യമാകുന്നത്.

ഇതോടെ ജില്ലയിലെ മികച്ച മാർക്കറ്റുകളിൽ ഒന്നായി പുതിയകാവ് മാറും. ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിക്കപ്പെടും.

പി. ലാലി, പഞ്ചായത്ത് പ്രസിഡന്റ്