editorial-

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ പാലക്കാട് കുമരനല്ലൂരി​ലെ വീട്ടുപേര് 'ദേവായനം" എന്നാണ്.ആധുനിക മലയാള കവിതയുടെ ഈറ്റില്ലം കൂടിയാണത്. മനസിലും ചിന്തയിലും അവസാനം വരെ ദേവാംശം കാത്തുസൂക്ഷിച്ച ഋഷിതുല്യനായ അക്കിത്തത്തിന്റെ ഉള്ളിൽ മനുഷ്യാംശമായിരുന്നു മുന്നിട്ടു നിന്നിരുന്നത്. എഴുതിയതെല്ലാം വേദനിക്കുന്ന മനുഷ്യരെപ്പറ്റിയും.

നിരുപാധിക സ്നേഹമാണ് മനുഷ്യൻ എന്ന് അദ്ദേഹം വിശ്വസിച്ചു. ദുഃഖത്തിന് ഒറ്റ പ്രത്യൗഷധമേയുള്ളൂ. അത് നിരുപാധിക സ്നേഹമെന്ന വേദാന്തമാണ്. കവിതകളിലൂടെ അദ്ദേഹം ആവിഷ്കരിച്ചത് അതാണ്.

വേദസൂക്തങ്ങൾ മുഴങ്ങുന്ന മനയിൽ പിറന്നിട്ടും മർത്ത്യജന്മത്തിന്റെ വേദനകൾ ചിതറിവീണ ഇടിഞ്ഞുപൊളിഞ്ഞ ലോകത്ത് സഞ്ചരിക്കാനായിരുന്നു അദ്ദേഹത്തിന് എന്നുമിഷ്ടം. കൂട്ടം കൂടി നടക്കുമ്പോഴും ഏകാന്ത സഞ്ചാരത്തിലായിരുന്നു ആ മനസ്. അതുകൊണ്ട് തന്നെ പ്രസ്ഥാനങ്ങൾക്കോ സിദ്ധാന്തങ്ങൾക്കോ തടവുകാരനാക്കാനുമായില്ല.

മനുഷ്യജീവിതത്തിൽ എവിടെ കുഴിച്ചാലും കണ്ണുനീരു കിട്ടും. അനുഭവങ്ങളുടെ മണ്ണടരുകൾ മാറ്റിനോക്കണമെന്നേയുള്ളൂ. അങ്ങനെ കണ്ടെത്തിയ വിശുദ്ധ ജലം അദ്ദേഹം അക്ഷരക്കുമ്പിളിൽ നിറച്ചു. കാവ്യദേവതയെ തർപ്പണം ചെയ്തതും ആ തീർത്ഥം കൊണ്ടുതന്നെ. കണ്ണീരൊഴുക്കി ജീവിതത്തെ വെറുത്തവർക്ക് അതു തേൻ തുള്ളിയായി. അദ്ധ്വാനിക്കുന്നവരുടെ വിയർപ്പും കണ്ണീരും ആ കാവ്യഭാവനയെ സദാ ആർദ്രമാക്കിയിരുന്നു.

അക്കിത്തത്തിന്റെ രാഷ്ട്രീയ മനസ് പലർക്കും ഗ്രഹിക്കാനായില്ല. ചിലർ തെറ്റിദ്ധരിച്ചു. മറ്റു ചിലർ നിന്ദിച്ചു. നിന്ദിച്ചവർക്ക് തന്നെ പിന്നീട് പശ്ചാത്തപിക്കേണ്ടിയും വന്ദിക്കേണ്ടിയും വന്നു. പക്ഷെ യഥാർത്ഥ കാവ്യാസ്വാദകർ ആ കവിമനസും രാഷ്ട്രീയ മനസും രണ്ടല്ലെന്ന് തിരിച്ചറിഞ്ഞു. കാരണം കവിതയാണ് യഥാർത്ഥ സാഹിത്യമെന്ന പക്ഷക്കാരനായിരുന്നു അക്കിത്തം. അത് പ്രചാരണത്തിനും രാഷ്ട്രീയത്തിനും കൊള്ളാമെങ്കിലും അങ്ങനെ ഉപയോഗിക്കുമ്പോൾ കവിത കഷ്ടിയാകുമെന്ന സത്യവും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.

ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പം യോഗക്ഷേമ സഭാ സെക്രട്ടറിയായി പ്രവർത്തിച്ചെങ്കിലും ചിന്തകൾക്ക് കടിഞ്ഞാണിട്ടിരുന്നില്ല. മഹാകവി ഇടശ്ശേരി, സാമൂഹ്യ പരിഷ്ക്കർത്താവായ വി.ടി. ഭട്ടതിരിപ്പാട് എന്നിവരുമായുള്ള സമ്പർക്കം അദ്ദേഹത്തിന്റെ ചിന്തകളുടെ ഉയരം കൂട്ടി.

വേദങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും സഞ്ചരിക്കുമ്പോഴും മനുഷ്യദുഃഖങ്ങളിൽ നിന്ന് അകന്ന് മാറി നടക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതിന്റെ പ്രതിഫലനമാണ് ആ കവിതയിൽ കാണാൻ കഴിയുക. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, ബലിദർശനം, സമത്വത്തിന്റെ ആകാശം, സ്പർശ മണികൾ, മാനസപൂജ തുടങ്ങി നാല്പത്തിയഞ്ചിലധികം രചനകൾ മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നു.

സ്ഥിതപ്രജ്ഞന്റെ നിസംഗതയും നിരുപാധിക സ്നേഹത്തിന്റെ ആർദ്രതയും കലർന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.

മദ്യം പോലെ കുടിക്കുന്നു ഞാൻ

ഹൃദ്യം നാരായണനാമം

മറന്നുപോകുന്നില്ലാപക്ഷേ

മാരകമങ്ങുദുഃഖത്തെ

എന്ന് പാടുമ്പോൾ ഭക്തിയല്ല ജീവിതത്തിന്റെ സങ്കീർണതയാണ് പ്രകടമാകുന്നത്. ജീവിതത്തെ ഉപാസിക്കുന്ന ഒരു കവിക്കു മാത്രമേ ഇങ്ങനെ എഴുതാനാകൂ.

'വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം", ഒരു കണ്ണീർക്കണം ഞാൻ മറ്റുള്ളവർക്കായ് പൊഴിക്കവേ തുടങ്ങി ജീവിത നോവുകളിൽ ചാലിച്ചെഴുതിയ വരികൾ തലമുറകൾക്ക് മനഃപാഠമാണ്. ഉത്തമ കവിതയുടെ വിജയമാണത്.

ആർക്കും ഒരു തത്വചിന്തകൾക്കും തീറെഴുതി കൊടുക്കാത്ത മനസുമായി ജീവിച്ച വ്യത്യസ്തനായ കവിയായിരുന്നു അക്കിത്തം. അവനവനോടുള്ള ആത്മാർത്ഥതയാണ് ഏറ്റവും വലിയ സത്യമെന്ന് അദ്ദേഹം വിശ്വസിച്ചു. ആ സത്യം നെഞ്ചിൽ കെടാതിരിക്കുന്നിടത്തോളം ആരെയും വഞ്ചിക്കാനാകില്ല, നോവിക്കാനുമാവില്ലെന്ന് 94 വർഷത്തെ ധന്യമായ ജീവിതം കൊണ്ട് അദ്ദേഹം അടയാളപ്പെടുത്തി.

കവിതയുടെ കാതൽ ആനന്ദമാണ്. എഴുതുമ്പോൾ കവിക്കും വായിക്കുമ്പോൾ വായനക്കാരനും അത് ലഭിക്കണമെന്ന കാവ്യദർശനത്തിന്റെ ഉടമയായിരുന്നു അക്കിത്തം. അദ്ദേഹത്തെ തേടിയെത്തിയ ജ്ഞാനപീഠം പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, പത്മശ്രീ, ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി പുരസ്കാരം എന്നിവയെല്ലാം ആ ദർശനത്തിനുള്ള അംഗീകാരങ്ങളായിരുന്നു.

ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങി ആഴ്ചകളാകും മുമ്പാണ് അക്കിത്തം വിടവാങ്ങുന്നത്. അനുഭവങ്ങളുടെ സർവകലാശാലയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം എക്കാലവും കേരളകൗമുദിയുടെ ഉത്തമ സഹയാത്രികനായിരുന്നു.

'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ" എന്ന മനുഷ്യജീവിതത്തിന്റെ നിസഹായത കാട്ടിത്തന്ന ഋഷികവിയാണ് അദ്ദേഹം.

കണ്ണുനീരിലെ സ്നേഹത്തിന്റെ മഴവില്ലും സൗരമണ്ഡലവുമായി ആ കവിതകൾ നമ്മെ നോക്കി എന്നും പുഞ്ചിരി പൊഴിക്കും. ഉത്തമ കവിയായും ഉത്തമ മനുഷ്യനായും ജീവിച്ച ആ പുണ്യാത്മാവിന് ശാന്തി നേരുന്നു.