plants

തിരുവനന്തപുരം:സംസ്ഥാനത്ത് ഉണ്ടാക്കിയ ആയിരം പച്ചത്തുരുത്തുകളിൽ 256 എണ്ണവും തിരുവനന്തപുരത്ത്. ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് യാഥാർത്ഥ്യമായി. ഇതോടെ സമ്പൂർണ പച്ചത്തുരുത്ത് ജില്ലയെന്ന പേര് തിരുവനന്തപുരത്തിനു സ്വന്തമായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവുമധികം പച്ചത്തുരുത്തുകൾ-76 എണ്ണം. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 24, പാറശാല 21, വാമനപുരം 15, വെള്ളനാട് 13, വർക്കല 12, നേമം 10, പെരുങ്കടവിള 9, നെടുമങ്ങാട് 7, അതിയന്നൂർ 6, പോത്തൻകോട് 6, വർക്കല നഗരസഭ 22, നെയ്യാറ്റിൻകര നഗരസഭ 17, ആറ്റിങ്ങൽ നഗരസഭ 10, തിരുവനന്തപുരം കോർപറേഷൻ 6, നെടുമങ്ങാട് നഗരസഭ 2 എന്നിങ്ങനെയാണ് പച്ചത്തുരുത്തുകളുടെ എണ്ണം. സംസ്ഥാനത്തെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് സ്വന്തം. ബ്ലോക്ക് പരിധിയിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലും പച്ചത്തുരുത്ത് ഒരുക്കി. ജില്ലയിലാകെ 36.7 ഏക്കറിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്ത് കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നെയ്യാർഡാം പരിസരത്താണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ഏക്കറിലാണ് പച്ചത്തുരുത്തൊരുക്കിയത്.

കരവാരം ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായും ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആദ്യ തരിശു രഹിത പഞ്ചായത്തായും പ്രഖ്യാപിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷനാണ് പച്ചത്തുരുത്ത് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യ പൊലീസ് സ്റ്റേഷൻ.

നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു,ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ, ഐ.ടി മിഷൻ ഡയറക്ടർ ഡോ.ചിത്ര എസ്,അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ്കുമാർ, തുടങ്ങിയവർ സംബന്ധിച്ചു.