
കൊളോണിയൽ ആധിപത്യത്തിൽ നിന്ന് നമ്മൾ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷങ്ങൾ കടന്നു. സാമ്പത്തിക അസമത്വവും ജാതീയമായ അടിച്ചമർത്തലും ഇന്നും അതിരൂക്ഷമായി തുടരുകയാണ്. വർഗീയതകളും മതതീവ്രവാദവും സ്ത്രീപീഡനവും ന്യൂനപക്ഷ- ദളിത്- ആദിവാസി വിഭാഗങ്ങളുടെ അരികുവൽക്കരണവും അടിച്ചമർത്തലും ചൂഷണവും ഭയാനകമാണ്.
രാഷ്ട്രീയത്തിന്റെ വലതുപക്ഷവൽക്കരണവും മാഫിയാ സ്വാധീനവും പണാധിപത്യവും എല്ലാ പരിധികളും കടന്നിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണകക്ഷിയുടെ ചൊല്പടിക്കു നിൽക്കുന്ന സാഹചര്യം രൂപപ്പെടുകയാണ്. ഇതിനെല്ലാമെതിരെ വളർന്നുവരേണ്ട വിശാല സമരപ്രസ്ഥാനം ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെങ്കിൽ ഇടതുപക്ഷ-ജനാധിപത്യ ശക്തികൾ പതിന്മടങ്ങ് ശക്തിപ്പെടേണ്ടതുണ്ട്.
അത്തരമൊരു ബദൽ രാഷ്ട്രീയം ഉയർന്നുവരുന്നതിൽ കമ്മ്യൂണിസ്റ്റുകാർക്ക് സുപ്രധാന പങ്കു വഹിക്കാൻ കഴിയും. കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ- സോഷ്യലിസ്റ്റ്- മതേതര ശക്തികൾ സത്യസന്ധമായ ആത്മപരിശോധനയിലൂടെ ബലഹീനതകൾ തിരുത്തി ബഹുജന സ്വാധീനവും വിശ്വാസവും പലമടങ്ങു വർദ്ധിപ്പിക്കുകയാണ് ഇൗ സാഹചരത്തിലെ അടിയന്തരാവശ്യം. അതിന് സഹായകമാവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടിത പ്രവർത്തനത്തിന്റെ ആരംഭം കുറച്ച 1920 ഒക്ടോ. 17 ന്റെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായുള്ള ആലോചനകളും സംവാദങ്ങളുമെന്ന് പ്രതീക്ഷിക്കുന്നു.