veli

തിരുവനന്തപുരം: എന്നും തലസ്ഥാനത്തിന്റെ കൗതുകലോകമാണ് വേളി. അടച്ചിരിപ്പിന്റെ പടിയിറങ്ങി വീണ്ടും പിച്ചവച്ച് തുടങ്ങുമ്പോൾ 50 കോടി രൂപയുടെ പദ്ധതികളാണ് വേളി ടൂറിസം വില്ലേജിലൊരുങ്ങുന്നത്. മനോഹര കവാടം, കഫറ്റീരിയ, ലാൻഡ് സ്കേപ്പ്, ഇന്ത്യൻ എയർ ഫോഴ്‌സിന്റെ വിമാനം, നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റ്, മിനിയേച്ചർ ട്രെയിൻ തുടങ്ങി നിരവധി കാഴ്‌ചവസന്തങ്ങളാണ് മിഴിതുറക്കാൻ കാത്തിരിക്കുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ ജില്ലയിലെ വലിയ ടൂറിസം മേഖലയായി വേളി മാറും. നവംബർ 15നകം ഉദ്‌ഘാടനം നടത്താനാണ് ആലോചന.

തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള വേളിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം സുന്ദരിയായ കായലാണ്. കാനായി കുഞ്ഞിരാമൻ തീർത്ത ശംഖു ശില്പമാണ് മറ്റൊരു കൗതുകം. ഈ കൗതുകങ്ങൾ ഇനി ആവി എൻജിനെ അനുസ്‌മരിപ്പിക്കുന്ന മിനിയേച്ചർ ട്രെയിനിന് വഴിമാറും. ഒമ്പത് കോടിക്ക് നിർമ്മിക്കുന്ന ട്രെയിൻ ഒരു ടണലും രണ്ടു പാലങ്ങളും കടന്നുപോകും. ഇതിനായി ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന് സമാന്തരമായി ട്രെയിൻ പാലം നിർമ്മിക്കുകയാണ്.

 ഫ്ലോട്ടിംഗ് റസ്റ്റോറന്റിന് പുതുജീവൻ
കായലും ബീച്ചും ചേരുന്നിടത്താണ് എയർഫോഴ്‌സിന്റെ വിമാനമുള്ളത്. പൊഴിക്കരയ്‌ക്ക് സമീപം അഞ്ച് ഫുഡ് കൗണ്ടറുകളും സജ്ജീകരിച്ചു. കെ.ടി.ഡി.സിയുടെ മേൽനോട്ടത്തിൽ കായലിൽ സ്ഥാപിച്ച ഒഴുകുന്ന ഭക്ഷണശാല (ഫ്ലോട്ടിംഗ് റസ്റ്റോറന്റ്) പൊഴിമുറിഞ്ഞപ്പോൾ തകർന്നിരുന്നു. ഇത് വീണ്ടും പ്രവർത്തനക്ഷമമാക്കി. പ്രവേശനകവാടം മുതൽ ബീച്ച് വരെ ഒരുക്കുന്ന മനോഹരമായ ലാൻഡ് സ്കേപ്പാണ് മറ്റൊരു ആകർഷണം. ഇവിടെ കൗതുക വിളക്കുകാലുകളും സ്ഥാപിക്കും.

 മൂന്ന് സ്‌പീഡ് ബോട്ടുകൾ കൂടി

മറ്റൊരു ആകർഷണമായ ബോട്ടിംഗ് സർവീസുകളും നവീകരണത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി മൂന്ന് സ്പീഡ് ബോട്ടുകൾ കൂടി എത്തിച്ചു. നിലവിൽ അഞ്ച് പെഡൽ ബോട്ടുകൾ, അഞ്ച് പാസഞ്ചർ ബോട്ടുകൾ, നാല് സ്‌പീഡ്‌ ബോട്ടുകൾ എന്നിവയാണുള്ളത്. വാക്ക് വേ, 32 സി.സി.ടി.വി കാമറ, 30 സോളാർ ലൈറ്റ് എന്നിവയും ഒരുങ്ങുന്നുണ്ട്. ഒപ്പം സ്വിമ്മിംഗ് പൂൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, കൺവെൻഷൻ സെന്റർ എന്നിവയുടെ നിർമ്മാണവും തുടങ്ങി. 14 ഏക്കറിലെ വികസന പദ്ധതികൾ നടപ്പാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ്.

നവീകരണം പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമായി വേളി മാറും.

-സക്കറിയ അയ്യനേത്ത്,
ഡെപ്യൂട്ടി ഡയറക്ടർ, വേളി ടൂറിസ്റ്റ് വില്ലേജ്