
കൊല്ലം: കൊട്ടിയം റംസി കേസിൽ പ്രതികളായ സീരിയൽനടിയും കുടുംബവും മൊഴി നൽകുന്നതിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെ കാണാനായില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി. അനിൽകുമാർ കേസുമായി ബന്ധപ്പെട്ട് വാഗമണ്ണിലായിരുന്നു.
ഒന്നാം പ്രതിയായ ഹാരിഷിന്റെ മാതാവും രണ്ടാം പ്രതിയുമായ കൊല്ലം വടക്കേവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ കിട്ടന്റഴികത്ത് ആരിഫാബീവി, മൂന്നാം പ്രതിയും ഹാരിഷിന്റെ സഹോദരൻ അസറുദ്ദീന്റെ ഭാര്യയുമായ ലക്ഷ്മി.പി. പ്രമോദ്, നാലാം പ്രതി അസറുദ്ദീൻ എന്നിവരാണ് ഇന്നലെ രാവിലെ 9 ഓടെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
ഉച്ചവരെ അന്വേഷണ ഉദ്യോഗസ്ഥനെ കാത്തുനിന്ന ഇവർ പിന്നീട് അഭിഭാഷകനായ പി.എ. പ്രിജി മുഖാന്തിരം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തശേഷം വീടുകളിലേക്ക് മടങ്ങി. മുൻകൂർ ജാമ്യവ്യവസ്ഥയനുസരിച്ച് കോടതി ഉത്തരവിലെ സമയപരിധിക്കുള്ളിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായെന്നും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തിയ മറ്റാരുമോ തയ്യാറായില്ലെന്നുമാണ് സത്യവാങ് മൂലത്തിലെ പരാമർശം.
റംസിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി തെളിവ് നശിപ്പിക്കാനും ഗർഭച്ഛിദ്രത്തിന് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമയ്ക്കാനും കൂട്ടുനിന്നുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് ലക്ഷ്മി.പി. പ്രമോദിനും ഭർത്താവ് അസറുദ്ദീനും എതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന കുറ്റം. ഇതുൾപ്പെടെ ആത്മഹത്യാപ്രേരണ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ആരിഫാബീവിക്കെതിരെ ഉന്നയിച്ചിരുന്നത്.
ഈമാസം 15ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും രാവിലെ 9നും ഉച്ചയ്ക്ക് 12നും ഇടയിൽ മൂന്ന് മണിക്കൂർ നേരം ക്രൈംബ്രാഞ്ചിന് ഇവരെ ചോദ്യം ചെയ്യാമെന്നുമായിരുന്നു കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ നിർദേശം. ഇതനുസരിച്ചാണ് ഇവർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. അതേസമയം മുൻകൂർ ജാമ്യത്തിനും വ്യവസ്ഥകൾക്കുമെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്.
''
മുൻകൂർ ജാമ്യഉത്തരവ് താത്കാലികമായി മരവിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം വാഗമണ്ണിലാണ്. ഹൈക്കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
പി. അനിൽകുമാർ,
ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്