bed

കിളിമാനൂർ: പ്രാരാബ്ദങ്ങൾക്കിടയിലും ദീർഘനാളായി കാൻസർ ബാധിച്ച് കിടപ്പിലായ വീട്ടമ്മയ്ക്ക് കട്ടിൽ നിർമ്മിച്ചുനൽകി യുവാവ് മാതൃകയായി. അയൽകുന്ന് സ്വദേശിയായ മഞ്ജുലാലാണ് (28) പഴയകുന്നുമ്മൽ പഞ്ചായത്തിലെ ചേണിക്കുഴി കുന്നിൽ വീട്ടിൽ ബേബി പ്രസന്നയ്ക്ക് (65) സൗജന്യമായി കട്ടിൽ നിർമ്മിച്ച് നൽകിയത്. വർഷങ്ങളായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ് ബേബി പ്രസന്ന. ഓട്ടോഡ്രൈവറായ ഭർത്താവ് മണിരാജന്റെ തുച്ഛവരുമാനം മാത്രമാണ് ഇവർക്ക് ആശ്രയം. കാഴ്ച കുറഞ്ഞതോടെ ഇദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇതോടെ ചികിത്സപോലും മുടങ്ങുന്ന അവസ്ഥയാണ്. ആകെ ഉണ്ടായിരുന്ന കട്ടിൽ തകർന്നതോടെ ബേബി പ്രസന്നയ്ക്ക് തറയിൽ കിടക്കേണ്ട അവസ്ഥയായിരുന്നു. ഇതറിഞ്ഞ മഞ്ജുലാൽ കട്ടിൽ നിർമ്മിച്ച് തലച്ചുമടായി ഇവരുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. സി.പി.എം ചാരുപാറ ബ്രാഞ്ച് സെക്രട്ടറി അരുൺ, കേരളകൗമുദി ചാരുപാറ ഏജന്റ് സജീഷ്, മുൻ മെമ്പർ സരളമ്മ, എസ്. ഗോപാലകൃഷ്ണവാരിയർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ആശാ വർക്കായ ദീപ്തി ഒരു വാട്ടർബെഡും കുടുംബത്തിന് കൈമാറി.