
കുളത്തൂർ: നഗരസഭ പൗണ്ടുകടവ് വാർഡിൽ വലിയവേളി കടപ്പുറത്ത് രണ്ടു വയസുള്ള പിഞ്ചുകുഞ്ഞിനെ തിരയിൽ അകപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. വലിയവേളി തൈവിളാകത്ത് മത്സ്യത്തൊഴിലാളിയായ അനീഷ് - സുലു ദമ്പതികളുടെ ഏകമകനായ ഇക്കാലിയ (2) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയലത്തെ കുട്ടികളോടൊപ്പം രാവിലെ പതിനൊന്നു മണിയോടെ വീട്ടിൽ കളിക്കവേ കുഞ്ഞിനെ കാണാതാവുകയായിരുന്നു. വീട്ടുകാർ തുമ്പ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് മുന്നൂറു മീറ്റർ മാറി വേളി പൊഴിക്കരയ്ക്ക് സമീപം കടൽക്കരയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുമ്പ സി.ഐ.അജീഷിന്റെ നേതൃത്വത്തിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വേളി പള്ളിയിൽ സംസ്കരിക്കും. കളിച്ചുകൊണ്ടിരിക്കെ പിന്നിലെ ഗേറ്റ് വഴി പുറത്തുപോയ കുട്ടിയെ അമ്മ വീട്ടിനകത്താക്കിയെങ്കിലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുന്നിലത്തെ ഗേറ്റിലൂടെ വീണ്ടും പുറത്തേക്ക് പോവുകയായിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടില്ലെന്നും ദുരൂഹതയില്ലെന്നും തുമ്പ പൊലീസ് പറഞ്ഞു.