vithura

വിതുര: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിതുര പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്തും, ആരോഗ്യവകുപ്പും, പൊലീസും തീരുമാനിച്ചു. ഇന്ന് മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പലവ്യ‌ഞ്ജനം, ബേക്കറി, പച്ചക്കറി, പാൽ എന്നിവ വിൽക്കുന്ന കടകൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും രാവിലെ ഏഴ് മണിമുതൽ ഉച്ചക്ക് ഒന്നുവരെ പ്രവർത്തിക്കാം. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ രോഗവ്യാപനം തടയാൻ ശക്തമായ പ്രവർത്തനങ്ങളാണ് വിതുരയിൽ നടന്നുവരുന്നത്. എന്നാൽ രോഗം പടർന്ന് സ്ഥിതിഗതികൾ രൂക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തുടക്കത്തിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ തുടർന്ന് കൊവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ രണ്ട് മാസം മുൻപ് വിതുര വാർഡിലെ കളീയിക്കൽ മേഖലയിൽ ഒരു വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഇവരെ പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചു. തുട‌ന്ന് വീട്ടമ്മയുമായി സമ്പർക്കം പുലർത്തിയ നൂറോളം പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അമ്പതിൽ പരം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് രോഗബാധിതരുള്ള നാല് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപെടുത്തുകയും ചെയ്തിരുന്നു. ഇതിൽ കൂടുതൽ പേരും രോഗമുക്തി നേടി. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും കൊവിഡ് പിടിമുറുക്കി. ഇതുവരെ മൂന്നുപേർ കൊവിഡ് മൂലം പഞ്ചായത്തിൽ മരണപ്പെട്ടിട്ടുണ്ട്. 160 പേർക്ക് രോഗം പിടികൂടി. ഇതിൽ 77 പേർ രോഗമുക്തി നേടി. നിലവിൽ 87 പേ‌ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ നാല് ദിവസം ആശുപത്രിയിൽ വച്ച് ആന്റിജൻ റാപ്പിഡ് ടെസ്റ്റ് ക്യാമ്പ് നടത്തുന്നുണ്ട്.

 കണ്ടെയ്ൻമെന്റ് സോണുകൾ

വിതുര

മുളയ്ക്കോട്ടുകര

തള്ളച്ചിറ

മേമല

തേവിയോട്

മണിതൂക്കി

പേപ്പാറ

കൊപ്പം

ചെറ്റച്ചൽ

 വിതുര പഞ്ചായത്ത്

കൊവിഡ് രോഗികൾ 160

മരണം 3

രോഗമുക്തി 77

നിലവിലെ രോഗികൾ 87

 ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പഞ്ചായത്തിലെ ടൂറിസം മേഖലകളായ കല്ലാർ, ബോണക്കാട്, മീൻമുട്ടി, പേപ്പാറ, ചാത്തൻകോട്, വാഴ്വാൻതോൽ, പൊടിക്കോല, ജഴ്സിഫാം എന്നിവിടങ്ങളിൽ ടൂറിസ്റ്റുകളെ കടത്തിവിടില്ല. മാസ്ക് ധരിക്കാത്തവരെയും സാമൂഹ്യാകലം പാലിക്കാത്തവരെയും അനാവശ്യമായി പൊതുയിടങ്ങളിൽ ഇറങ്ങുന്നവരെയും പിടികൂടി കനത്ത പിഴ ചുമത്തും. 144 നിയമം കർശനമായി ഏർപ്പെടുത്തും.

എസ്. ശ്രീജിത്ത്,​ വിതുര സർക്കിൾ ഇൻസ്പെക്ടർ

എസ്.എൽ. സുധീഷ്,​ വിതുര സബ് ഇൻസ്പെക്ടർ

 ജനങ്ങൾ സഹകരിക്കണം

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നാട്ടുകാരും വ്യാപാരിവ്യവസായികളും ഒരുമയോടെ സഹകരിച്ചാൽ മാത്രമേ രോഗത്തെ തുടച്ചു നീക്കാൻ സാധിക്കുകയുള്ളു. രോഗവ്യാപനതോത് കുറയുന്നതനുസരിച്ച് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തും.

എസ്.എൽ. കൃഷ്ണകുമാരി

വിതുര പഞ്ചായത്ത് പ്രസിഡന്റ്