cbi

തിരുവനന്തപുരം: ലൈഫ് സമുച്ചയ നിർമ്മാണക്കമ്പനി നൽകിയ കോഴ ഉന്നത ഉദ്യോഗസ്ഥർക്കും ജനസേവകർക്കും ഉൾപ്പെടെ വീതംവച്ചത് തെളിയിക്കാൻ നിയന്ത്രണങ്ങളില്ലാത്ത അന്വേഷണം ആവശ്യമാണെന്ന് സി.ബി.ഐ കോടതിയിൽ നിലപാടെടുക്കും.ലൈഫ് മിഷനിൽ അന്വേഷണമില്ലെങ്കിൽ രേഖകളും വസ്തുതകളും ശേഖരിക്കാനാവില്ല. സി.ഇ.ഒയെ ഒഴിവാക്കിയെങ്കിലും എഫ്.സി.ആർ.എ ചട്ടത്തിലെ 3(2) വകുപ്പുപ്രകാരം നിർമ്മാണക്കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ കേസ് നിലനിറുത്തുകയും എഫ്.സി.ആർ.എ ചട്ടലംഘനം, ഗൂഢാലോചന എന്നീ വകുപ്പുകളുള്ള സി.ബി.ഐയുടെ എഫ്.ഐ.ആർ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈഫ് മിഷനുമായി ധാരണാപത്രമില്ലെങ്കിൽ കോഴയിടപാട് അസാദ്ധ്യമായിരുന്നു. അതിനാൽ ലൈഫ് മിഷനിലെ അന്വേഷണത്തിലൂടെയേ വസ്തുതകൾ കണ്ടെത്താനാവൂ.

യു.വി.ജോസിന് മുൻപ് ലൈഫ് മിഷൻ സി.ഇ.ഒയായിരുന്ന എം.ശിവശങ്കറിന്റെ വഴിവിട്ട ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരം സി.ബി.ഐക്കുണ്ട്. നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കറാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ്‌ നായരാണ് പദ്ധതിയുടെ പ്രാരംഭചർച്ചകൾ നടത്തിയത്. കോഴപ്പണം കൈമാറിയ ശേഷം ശിവങ്കറിനെ കണ്ടെന്നും ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ ലഭിച്ചതെന്നുമാണ് സന്തോഷ് ഈപ്പന്റെ മൊഴി.

സി.ബി.ഐ നിലപാട്

1. ലൈഫ് മിഷനിലെ അന്വേഷണം സ്റ്റേചെയ്ത ഉത്തരവിൽ യു.എ.ഇ കോൺസുലേറ്റിനും മറ്റുള്ളവർക്കും യൂണിടാക് കൈക്കൂലി നൽകിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. യൂണിടാക് എം.ഡിയുടെ ഹർജിയിലും ഇക്കാര്യമുണ്ട്. കോൺസുലേറ്റിലെ ജീവനക്കാരൻ കൈപ്പറ്റിയ കോഴപ്പണം ആർക്കൊക്കെ കിട്ടിയെന്ന് കണ്ടെത്തണം

2. കോഴ കൈപ്പറ്റിയ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഡമ്മിയാണെന്നും കോഴയിടപാട് ഖാലിദിന്റെ തലയിലാക്കി രക്ഷപെടാനുള്ള കള്ളക്കഥയാണെന്നും വാദിക്കും. യൂണിടാക് ഉടമയിൽനിന്ന് പണം സ്വീകരിക്കാൻ സ്വപ്നയും സംഘവും ഖാലിദിനെ രംഗത്തിറക്കിയതാണെന്നും വാദിക്കും

3. യു.വി.ജോസ് പോലുമറിയാതെ ആദ്യാവസാനം കാര്യങ്ങൾ നീക്കിയത് ശിവശങ്കറാണ്. യൂണിടാകിന്റെ പ്ലാൻ ഓഫീസിലെത്തിയ ശേഷമാണ് കരാർ കിട്ടിയത് അവർക്കാണെന്ന് അറിഞ്ഞതെന്നാണ് ജോസിന്റെ വെളിപ്പെടുത്തൽ. ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപെടലുകൾ കണ്ടെത്തണമെന്ന് ആവശ്യപ്പെടും