
പൂവാർ: കഴക്കൂട്ടം-കാരോട് ബൈപാസിന്റെ മുക്കോല മുതൽ കാരോടു വരെയുള്ള ഭാഗത്തെ വികസനത്തിനായി സ്ഥലം നൽകിയവർ നഷ്ടപരിഹാരത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ, കാരോട് വില്ലേജുകളിലുള്ളവരാണ് അവഗണിക്കപ്പെടുന്നത്. കിടപ്പാടവും കൃഷിഭൂമിയും നൽകിയവരാണേറെയും. ഭൂമി അഞ്ച് കാറ്റഗറികളായി തിരിച്ചാണ് ജില്ലാതല പർച്ചേഴ്സ് കമ്മിറ്റി ഭൂവില നിശ്ചയിച്ചത്.
എ. കാറ്റഗറിയിലുള്ള പി.ഡബ്ലിയു.ഡി റോഡിന് സമീപത്തെ വസ്തുക്കൾക്ക് 525000 രൂപയാണ് പ്രഖ്യാപിച്ചത്. ബി, സി, ഡി, ഇ കാറ്റഗറിയിലുള്ളവർക്ക് എയുടെ 10 ശതമാനം കുറച്ചുള്ള തുക നൽകാനാണ് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ സ്റ്റേറ്റ് ലെവൽ എംബവർ കമ്മിറ്റി തീരുമാനം റദ്ദാക്കി. തുടർന്ന് സെന്റിന് 3,75,000 രൂപ വീതം നൽകാൻ തീരുമാനിച്ചു. 2014ൽ ആദ്യമായി നഷ്ടപരിഹാരത്തുക 3 പേർക്ക് കിട്ടി. 2016 വരെ മറ്റാർക്കും നൽകിയതുമില്ല. ആ വർഷം എൽ ആൻഡ് ടി കമ്പനി ജോലി തുടങ്ങി. രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കുമെന്നായിരുന്നു വ്യവസ്ത.
അതിനിടെ നഷ്ടപരിഹാരം കൊടുക്കാതെ നിർമ്മാണം തുടങ്ങിയതോടെ കഴക്കൂട്ടം - കാരോട് ബൈപാസ് ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ജോലി തടസപ്പെടുന്ന അവസ്ഥയിലേക്ക് സമരമെത്തിയതോടെ ജില്ലാ കളക്ടറെ സർക്കാർ ആർബിട്രേറ്ററായി നിയമിച്ചു. തുടർന്ന് 165 പേരുടെ നഷ്ടപരിഹാരം 15 ശതമാനം വർദ്ധനയോടെ പ്രഖ്യാപിച്ചു. 2018-ൽ അത് 50 ശതമാനമായി മാറി. തുക വർദ്ധിപ്പിച്ച ഉത്തരവുകൾക്കെതിരെ നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ കോടതിയിൽ നിന്ന് സ്റ്റേ നേടിയെടുത്തിരുന്നു.
ഭൂവുടമകളുടെ നഷ്ടപരിഹാരം ഉടൻ കൊടുക്കണമെന്നും ബൈപാസ് നിർമ്മാണം വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കാറ്റഗറികൾ ഇങ്ങനെ
എ. കാറ്റഗറി- പി.ഡബ്ലിയു.ഡി റോഡിന് സമീപത്തെ വസ്തുക്കൾ
ബി. പഞ്ചായത്ത് റോഡിന് സമീപം
സി. റോഡില്ലാത്തത്
ഡി. നിലം
ഇ. പാഴ്‌വസ്തു
'ഇപ്പോൾ ആർബിട്രേറ്റർ പരാതികൾ കേൾക്കാറില്ല. ഭൂമി നൽകിയവരുടെ ആർബിട്രേഷൻ നടപടി 2014 മുതൽ കെട്ടിക്കിടക്കുകയാണ്. അവ അടിയന്തരമായി തീർപ്പാക്കി നഷ്ടപരിഹാരം നൽകണം".
- വി. സുധാകരൻ, ആക്ഷൻ കൗൺസിൽ ചെയർമാൻ.