
ഇന്ന് സി.പി.ഐയുമായി ചർച്ച
തിരുവനന്തപുരം: കേരള കോൺഗ്രസ് - എം ജോസ് കെ.മാണി വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയായി ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ സി.പി.എം നീക്കം. എതിർ മുന്നണി വിട്ടുവരുന്ന കക്ഷികളെ ആദ്യമേ ഘടകകക്ഷിയാക്കുന്ന സമീപനം എൽ.ഡി.എഫിൽ പതിവില്ല.
അതുകൊണ്ടുതന്നെ ജോസിന്റെ കാര്യത്തിൽ അസാധാരണ നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മദ്ധ്യതിരുവിതാംകൂറിൽ അവർ പ്രതീക്ഷിക്കുന്ന രാഷ്ട്രീയലാഭം തന്നെയാണിതിന് കാരണം. തിരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഗണ്യമായ നേട്ടം അവർ പ്രതീക്ഷിക്കുന്നു.
ഇന്ന് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. ഇന്നുതന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഉഭയകക്ഷി ചർച്ച നടത്തും. അതിന്റെ അടിസ്ഥാനത്തിൽ ഇടതുമുന്നണി യോഗം അടുത്തദിവസം ചേർന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. ജോസിനെ ഇനി എതിർക്കേണ്ടതില്ലെന്ന കാനം രാജേന്ദ്രന്റെ പ്രതികരണം സി.പി.ഐ അയഞ്ഞതിന്റെ സൂചനയാണ്.
ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റുകളും പാലായും ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങൾ അവർക്ക് കൈമാറാമെന്ന സൂചന ഇതിനകം സി.പി.എം നേതൃത്വം നൽകിയിട്ടുണ്ട്. പാലായിൽ മാണി സി. കാപ്പനെ പിണക്കേണ്ടിവന്നാലും ഇക്കാര്യത്തിൽ മാറ്രമുണ്ടാവില്ല. കാപ്പൻ പിരിഞ്ഞുപോയാലും എൻ.സി.പിയിൽ എ.കെ. ശശീന്ദ്രൻ അടക്കമുള്ളവർ ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുമെന്നാണ് കരുതുന്നത്.
ഡോ.എൻ. ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളി മണ്ഡലം നിലവിൽ സി.പി.ഐ മത്സരിച്ചുവരുന്ന സീറ്റാണെങ്കിലും പുതിയ സാഹചര്യത്തിൽ അവരത് വിട്ടുനൽകാൻ വൈമനസ്യം കാട്ടില്ലെന്നാണറിയുന്നത്. സീറ്റുകളുടെ കാര്യത്തിൽ സി.പി.എമ്മിനും വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നിരിക്കെ, സി.പി.ഐക്ക് മാത്രമായി ഇടഞ്ഞുനിൽക്കാനാവില്ല.
ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത എൻ.സി.പി നേതൃത്വം പാലായുടെ കാര്യത്തിൽ ഇപ്പോൾ നിലപാട് പറയേണ്ടതില്ലെന്ന നിലപാടിലാണ്. എങ്കിലും പാലാ വിടേണ്ടിവരുമെന്ന സൂചനയുള്ളതിനാൽ ഇന്ന് കൊച്ചിയിൽ ചേരുന്ന എൻ.സി.പി നേതൃയോഗം നിർണായകമാണ്. സി.പി.എമ്മുമായി സംസാരിക്കാൻ പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരത് പവാറിനോട് സംസ്ഥാന നേതൃത്വം അഭ്യർത്ഥിച്ചതായറിയുന്നു.
ജനതാദൾ-എസിലെ ഉൾപ്പോര് ഇതിനിടയിൽ ഇടതുമുന്നണിക്ക് തലവേദനയായിട്ടുണ്ട്. ദേവഗൗഡ നേരിട്ടിടപെട്ട് സി.കെ.നാണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ അഡ്ഹോക് സമിതി രൂപീകരിച്ചെങ്കിലും ഇന്നലെ നാണുവിഭാഗം ഓൺലൈനായി വിമതയോഗം ചേർന്നു. പാർട്ടി പിളർപ്പിലേക്കെന്ന സൂചനയാണിവർ നൽകുന്നത്. ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാണുവും ജോർജ് തോമസുമടക്കമുള്ളവരെ അടർത്തിയെടുക്കാൻ യു.ഡി.എഫും നീക്കമാരംഭിച്ചിട്ടുണ്ട്.
നേട്ടമെത്രതന്നെ പ്രതീക്ഷിച്ചായാലും ജോസിന്റെ ബലത്തിൽ മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവമേഖലയിലേക്ക് കടന്നുകയറി സ്വാധീനമുറപ്പിക്കുക ഇടതുമുന്നണിക്ക് എളുപ്പമാവില്ല. യു.ഡി.എഫിൽ വിശ്വാസമുറപ്പിച്ച അണികളുടെ വികാരവും അതിനെ മുതലെടുക്കാനുള്ള കോൺഗ്രസ് തന്ത്രങ്ങളുമെല്ലാം ഇതിൽ നിർണായകമായിരിക്കും.